തൃശൂർ : ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽ ആനന്ദനൃത്തമാടുന്ന കൃഷ്ണ-രാധമാരും, ഗോപികമാരും തിരുപ്പതിയിലേക്ക് പുറപ്പെട്ടു. തിരുപ്പതി ദേവസ്വത്തിന്റെ ബ്രഹ്‌മോത്സവത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ഉറിയടിയും ഗോപികാ നൃത്തവും അവതരിപ്പിക്കാനാണ് സംഘം യാത്ര തിരിച്ചത്.
വൈകിട്ട് ഗുരുവായൂരപ്പന്റെ ദീപാരാധന കഴിഞ്ഞ് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിലായിരുന്നു യാത്രയയപ്പ് ചടങ്ങ്. ദേവസ്വം ചെയർമാൻ വി.കെ. വിജയൻ കൃഷ്ണവിഗ്രഹം കലാസംഘത്തിന് കൈമാറി. മുൻ ദേവസ്വം ചെയർമാൻമാരായ കെ.ബി. മോഹൻദാസും ടി.വി. ചന്ദ്രമോഹനും കൊടിക്കൂറകൾ നൽകി. അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ ആരതിയുഴിഞ്ഞു. സംഘത്തിൽ 130 പേരുണ്ട്.
തിരുമല തിരുപ്പതി ദേവസ്ഥാനത്ത് 17ന് ആരംഭിക്കുന്ന ബ്രഹ്മോത്സവത്തിൽ 22ന് ഗുരുവായൂർ സംഘം ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും. അഷ്ടമിരോഹിണി നാളിൽ മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജം നടത്തുന്ന ആഘോഷത്തിൽ ഉറിയടിക്കുന്ന കൃഷ്ണനും സതീർഥ്യരും ഗോപികാനൃത്തവും സമൂഹ മാധ്യമങ്ങളിൽ വലിയ ജനപ്രീതി നേടുക പതിവാണ്.
ഉറിയടിക്കായി എത്തുന്ന കായംകുളത്ത് നിന്നുള്ള മേളസംഘവും ഇവർക്കൊപ്പം ഉണ്ടാകും. 23ന് ഗുരുവായൂർ സംഘത്തിന്റെ തിരുവാതിരക്കളിയും ഉണ്ട്. അൻപതിലേറെ പേരാണ് 2 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക