തിരുവനന്തപുരം: ‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്…’ ഒരു കാലത്ത് റേഡിയോയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വാക്കുകളും ശബ്ദവുമായിരുന്നു അത്. പഴയ തലമുറയ്ക്ക് ഏറെ ഇഷ്ടപ്പെട്ട റേഡിയോ ശബ്ദുവും അതു തന്നെയായിരുന്നു. ശബ്ദം കേട്ട് മലയാളി ഏറെ ഇഷ്ടപ്പെട്ട രാമചന്ദ്രന് യാത്രയാകുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഓര്‍മയാകുന്നു. റേഡിയോ പ്രക്ഷേപണത്തില്‍ തന്റെതായ ശൈലി കൊണ്ടുവന്ന് ശ്രോതാക്കളെ കൈയിലെടുത്തു രാമചന്ദ്രന്. കാലങ്ങള്‍ക്കിപ്പുറവും മലയാളി മനസിലും കാതിലും ആ ശബ്ദം മുഴങ്ങുന്നത് അക്കാരണത്താലാണ്.
യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ നടന്ന വാര്‍ത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം രാമചന്ദ്രനില്‍ ശക്തമാക്കിയത്. അന്ന് സമ്മാനം നേടിയതോടെ വാര്‍ത്ത വായനക്കാരനാകണമെന്ന മോഹം കലശലായി. പഠനം പൂര്‍ത്തിയാക്കി വൈദ്യുതി ബോര്‍ഡില്‍ ക്ലര്‍ക്കായി. അപ്പോഴും വാര്‍ത്താ വായനയെന്ന മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല. അങ്ങിനെ ജോലി തുടരുമ്പോഴാണ് ആകാശവാണിയിലേക്ക് അവസരം വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല.
ദല്‍ഹി ആകാശവാണിയില്‍ കാഷ്വല്‍ വായനക്കാരനായാണ് തുടക്കം. ജോലിയില്‍ പ്രവേശിച്ച് പത്താം ദിവസം വാര്‍ത്ത വായിക്കാനുള്ള അസുലഭാവസരം ലഭിച്ചു. മൂന്നു വര്‍ഷം ദല്‍ഹിയില്‍ തുടര്‍ന്നു. ഇന്ദിരാഗാന്ധി വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരിക്കെ രാമചന്ദ്രന് അടക്കമുള്ളവരെ സ്ഥിരപ്പെടുത്തി. പിന്നലെയാണ് കേരളത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. കോഴിക്കോട്ട് എത്തിയ രാമചന്ദ്രന് അവിടെ മലയാള വാര്‍ത്താവിഭാഗം രൂപീകരിച്ചു. വാര്‍ത്താവിഭാഗം തലവനായി മൂന്നു വര്‍ഷം ജോലി ചെയ്്തശേഷം തലസ്ഥാനത്തെത്തി.
ഇതിനിടിയിലാണ് തന്റെ മാധ്യമജീവിതത്തിലെ നിര്‍ണായക ദിനം രാമചന്ദ്രനെ തേടിയെത്തിയത്. ഇന്ദിരാഗാന്ധിയുടെ മരണം മലയാളി കേട്ടത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു. 1984 ഒക്ടോ. 31നു രാവിലെയാണ് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതെങ്കിലും വൈകിട്ട് 6.15നു മാത്രമാണ് ആകാശവാണി വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാര്‍ മരണവിവരം ഔദ്യോഗികമായി പുറത്തുവിടാത്തതിനാലായിരുന്നു അത്. മരണവിവരം നേരത്തെ അറിഞ്ഞ രാമചന്ദ്രന് ഇന്ദിരാവധം പ്രധാന വാര്ത്തയാക്കിയും അതില്ലാതെയും രണ്ടു ബുള്ളറ്റിനുകള്‍ തയ്യാറാക്കിയിരുന്നു. 6.15ന് രാമചന്ദ്രനിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാര്‍ത്തയറിഞ്ഞു.
പതിവ് വാര്‍ത്തകള്‍ വായിക്കുന്നതിനിടയിലാണ് കൗതുകവാര്‍ത്തകള്‍ എന്ന പംക്തി അവതരിപ്പിക്കാന്‍ രാമചന്ദ്രന് അവസരം ലഭിക്കുന്നത്. തനത് ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് കൗതുകവാര്‍ത്തകള്‍ മറ്റു വാര്‍ത്തകളില്‍ നിന്നും വേറിട്ടുനില്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അദ്ദേഹം കൊണ്ടുവന്ന ആ പുതുമ ശ്രോതാക്കള്‍ ഇരുകാതും കൂര്‍പ്പിച്ച് സ്വീകരിക്കുകയും രാമചന്ദ്രന് റേഡിയോയിലെ സൂപ്പര്‍ സ്റ്റാറാവുകയും ചെയ്തു. പതിവ് രീതികളില്‍ നിന്ന് മാറി അല്പം നാടകീയത ചേര്‍ത്ത് കൗതുകവാര്‍ത്തയുടെ സ്ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിര്‍ദേശമായിരുന്നു. അതിന് സഹപ്രവര്‍ത്തകരും പിന്തുണ നല്കിയപ്പോള് പരിപാടി വന്‍ ഹിറ്റായി. അങ്ങിനെ 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേള്‍ക്കാന്‍ മലയാളികള്‍ റേഡിയോക്ക് മുന്നില്‍ കാത്തിരുന്നു. ടെലിവിഷന്‍ രംഗം സ്വീകരണമുറികളെ കൈയടക്കി തുടങ്ങിയപ്പോള്‍ അവിടെയും രാമചന്ദ്രന് തന്റെ പ്രതിഭ തെളിയിച്ചു. ചാനല്‍ രംഗത്തും സജീവമായി. സ്റ്റേജ് ഷോ വേദികളിലൊക്കെ രാമചന്ദ്രന്റെ ഈ സംഭാഷണവും ശബ്ദവും മിമിക്രിക്കാര് ഇന്നും അനുകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: