തൃശ്ശൂര്‍: വഖഫ് ബോര്‍ഡ് നിയമ പരിഷ്കരണത്തെ അനുകൂലിച്ച് തൃശ്ശൂര്‍ അതിരൂപത. രാജ്യത്തു നിലവിലുള്ള വഖഫ് നിയമങ്ങള്‍ അതിക്രൂരവും തുല്യനീതി എന്ന ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരുമാണെന്ന് അതിരൂപതാ മുഖപത്രം കത്തോലിക്കാ സഭയിലെ ലേഖനത്തില്‍ പറയുന്നു. മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയത്. ഇതു തിരുത്തപ്പെടേണ്ടത് രാജ്യത്തെ മതേതരത്വത്തിനും നിയമവാഴ്ചയ്ക്കും ആവശ്യമാണെന്നും കത്തോലിക്കാ സഭ ചൂണ്ടിക്കാണിക്കുന്നു.
നെഹ്റു, നരസിംഹ റാവു, മന്മോഹന് സിങ് എന്നിവരുടെ കാലത്ത് അമിതാധികാരങ്ങള്‍ വഖഫ് ബോര്‍ഡിനു ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ഏതൊരു പൗരന്റെയും സ്വത്തുവകകള്‍ക്കു മേല്‍ മാനദണ്ഡമൊന്നുമില്ലാതെ വഖഫ് ബോര്‍ഡിന് അവകാശമുന്നയിക്കാം. ഇതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. രാജ്യത്തെ കോടതികള്‍ക്കു പോലും നിയന്ത്രണാധികാരമില്ല. പ്രത്യേക വഖഫ് ട്രൈബ്യൂണലാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഒരേ മതത്തില്‍പ്പെട്ട, ഒരേ താത്പര്യമുള്ളയാളുകള്‍ വഖഫ് ബോര്‍ഡും ട്രൈബ്യൂണലും കൈകാര്യം ചെയ്യുമ്പോള്‍ വിവേചനരഹിതമായ നീതി എങ്ങനെ നടപ്പാക്കുമെന്നു കത്തോലിക്കാ സഭ ചോദിക്കുന്നു.
കേരളത്തില്‍ ചെറായി, മുനമ്പം തീരപ്രദേശങ്ങളിലെ അറുനൂറോളം കുടുംബങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭീഷണിയിലാണ്. മുനമ്പം വേളാങ്കണ്ണി മാതാ പള്ളി ഉള്‍പ്പെടെയുള്ള പ്രദേശം തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവകാശപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ഈ പ്രദേശങ്ങളിലെ ക്രയവിക്രയങ്ങള്‍ മുടങ്ങിയിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇസ്ലാംമതത്തിലെ മതാചാര സംബന്ധമായ നിയമമെന്ന നിലയ്ക്കല്ല, മറിച്ച് രാജ്യത്തെ ഭൗതിക സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തങ്ങള്‍ക്കനുകൂലമായി വിധി കല്പ്പിക്കാനുള്ള ഏകപക്ഷീയ അധികാരം കൈയാളുന്നതിനാലാണ് ഇതു മറ്റുള്ളവര്‍ക്കു ഭീഷണിയാകുന്നത്. ഭാരതത്തില്‍ എല്ലാവര്ക്കും ബാധകമായ നിയമ സംഹിതയുണ്ട്. അതിനു കീഴിലായിരിക്കണം എല്ലാ സ്ഥാപനങ്ങളുമെന്നും കത്തോലിക്കാ സഭ ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടന എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുനല്‍കുന്നു. എന്നാല്‍ പൊതു നിയമ സംഹിതയ്ക്കു ബദലായി വഖഫ് ബോര്‍ഡിനു വേണ്ടി മറ്റൊരു നിയമ സംഹിത നിലനില്ക്കുന്നു. ഇതു ഭരണഘടനാ വിരുദ്ധമാണ്. മതേതരത്വം പ്രസംഗിക്കുന്ന പല രാഷ്ട്രീയ കക്ഷികളും മുസ്ലിം പ്രീണനത്തിനായി മാത്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ അപരിഷ്കൃത നിയമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
’64ല്‍ നെഹ്റു സര്‍ക്കാരും’ 95ല്‍ നരസിംഹ റാവു സര്‍ക്കാരും 2013ല്‍ മന്മോഹന് സിങ് സര്‍ക്കാരും വഖഫ് ബോര്‍ഡിന് അമിതമായ അധികാരങ്ങള്‍ നല്കി. അതിക്രൂരമായ അധികാരങ്ങളാണ് 2013ല്‍ മന്മോഹന് സര്‍ക്കാര്‍ നല്‍കിയത്. ഇതനുസരിച്ചു വഖഫ് ബോര്‍ഡിന് തങ്ങളുടെ ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷനും ഒഴിപ്പിക്കലിനുമുള്ള അധികാരം കൂടി കോണ്‍ഗ്രസ് നല്കി. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് ചിന്തിക്കാന്‍ കഴിയാത്ത അനീതിയാണ് അരങ്ങേറിയത്.
ഭരണഘടനയെ നോക്കുകുത്തിയാക്കി വഖഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നിയമ പരിഷ്കരണം അനിവാര്യമെന്നും കത്തോലിക്കാ സഭ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: