തിരുവനന്തപുരം: മലപ്പുറത്തെ സ്വര്‍ണക്കടത്തുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും സിപിഐക്കും മുന്നില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമലയിലെ ഏകോപന ചുമതലയുള്ള ക്രമസമാധാന എഡിജിപി എം.ആര്‍. അജിത്കുമാറിനെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്ക യോഗത്തില്‍ നിന്നു മാറ്റി. യോഗത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മണ്ഡല, മകരവിളക്ക് അവലോകന യോഗം ചേര്‍ന്നത്. ഇതില്‍ പങ്കെടുക്കേണ്ട പ്രധാന ആളാണ് ശബരിമലയുടെ ഏകോപന ചുമതലയുള്ള അജിത്കുമാര്‍. ശബരിമലയിലും തീര്‍ത്ഥാടന പാതയിലും ഒരുക്കേണ്ട കാര്യങ്ങള്‍, തിരക്ക് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങള്‍, കഴിഞ്ഞ തവണ ഉണ്ടായതുപോലെ ഭക്തര്‍ മാലയൂരി പ്രതിഷേധിക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, പതിനെട്ടാം പടിയിലെ തിരക്ക് കുറയ്‌ക്കല്‍ തുടങ്ങി എല്ലാ പ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത് അവലോകന യോഗത്തിലാണ്. ഇതില്‍ നിന്നാണ് അജിത്കുമാറിനെ വിലക്കിയത്.
സ്വര്‍ണക്കടത്തടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പോലീസ് മേധാവിയുടേതടക്കം അജിത്കുമാറിനെതിരേ ത്രിതല അന്വേഷണവുമുണ്ട്. പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിവാദങ്ങളില്‍പ്പെട്ട അജിത്കുമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എഡിജിപിക്കു പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പോലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതോടെ മണ്ഡല കാലത്ത് അജിത്കുമാര്‍ ഏകോപന ചുമതലയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നും വ്യക്തമായി.
സ്വര്‍ണക്കടത്ത് ഉള്‍പ്പെെടയുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുകയും പരാതി നല്കുകയും ചെയ്തിട്ടും ഇതുവരെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരട്ടെ, കുറ്റം ആരോപിക്കപ്പെട്ടാല്‍ മാത്രം പോരാ, അന്വേഷണം നടത്തി തെളിയിക്കണം, തുടങ്ങിയ ന്യായീകരണങ്ങളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവര്‍ത്തിച്ചത്. ഇതോടെ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ നിന്നു മാത്രം ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്‍വറിനു പുറമേ കൂട്ടാളികളായ ഇസ്ലാമിസ്റ്റുകളും സിപിഐയും അജിത്തിനെ മാറ്റണമെന്ന നിലപാടിലാണ്. അജിത് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്.
ഇവരെ പ്രീതിപ്പെടുത്താനാണ് ശബരിമല യോഗത്തില്‍ നിന്ന് അജിത്കുമാറിനെ മാറ്റി നിര്‍ത്തിയത്. എന്നാല്‍ ശബരിമല ഏകോപനത്തില്‍ നിന്നു മാത്രം മാറ്റിയതും പകരം ഉദ്യോഗസ്ഥന് ചുമതല നല്കാത്തതും ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: