വാഷിം: കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്‌സലുകളാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയുടെ അപകടകരമായ അജണ്ടയെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷം മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തങ്ങളുടെ സ്വാർത്ഥ രാഷ്‌ട്രീയത്തിനായി പാവപ്പെട്ടവരെ കൊള്ളയടിക്കുന്നുവെന്നും സാധാരണക്കാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മളെല്ലാം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള അവരുടെ അജണ്ട പരാജയപ്പെടുമെന്ന് കോൺഗ്രസ് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്വാർത്ഥ രാഷ്‌ട്രീയത്തിനായി പാവങ്ങളെ കൊള്ളയടിക്കാനും അവരെ ദരിദ്രരാക്കാനും മാത്രമേ കോൺഗ്രസിന് അറിയൂ. ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ നാം ജാഗ്രത പാലിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം. അർബൻ നക്സലുകളുടെ സംഘമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയെക്കുറിച്ച് നല്ല ഉദ്ദേശം പുലർത്താത്ത ജനങ്ങളുമായി കോൺഗ്രസ് എത്രമാത്രം അടുത്ത് നിൽക്കുന്നുവെന്നത് എല്ലാവർക്കും കാണാനാകുമെന്നും മോദി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് അടുത്തിടെ ദൽഹിയിൽ പിടികൂടിയിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇതിൽ ഉൾപ്പെടുന്നതായി സംശയിക്കുന്നുണ്ട്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് കിട്ടുന്ന പണത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തെപ്പോലെ ഈ കോൺഗ്രസ് കുടുംബവും ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും തുല്യരായി കണക്കാക്കുന്നില്ല. ഒരു കുടുംബം മാത്രം ഇന്ത്യ ഭരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവർ എപ്പോഴും അപകീർത്തികരമായ മനോഭാവം പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാഷ്‌ട്രയിൽ കൃഷി, മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട് 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഇത് കൂടാതെ പൊഹരാദേവിയിൽ ബഞ്ചാര വിരാസത് മ്യൂസിയം പൂർത്തിയാക്കിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
കൂടാതെ പൊഹരാദേവിയിലെ ജഗദംബ മാതാ ക്ഷേത്രത്തിലും അദ്ദേഹം പ്രാർഥന നടത്തി. സന്ത് സേവലാൽ മഹാരാജിനും സന്ത് റാംറാവു മഹാരാജിനും പൊഹരാദേവിയിലെ അവരുടെ സമാധികളിൽ മോദി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: