കണ്ണൂര്‍: സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (48) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു തുടങ്ങിയത്. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. സിപിഎം–സിഐടിയു പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. സുഹൃത്തുക്കളും പൗരാവകാശ പ്രവർത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിച്ചു. വീടു കയറി ആക്രമണവുമുണ്ടായി.
സിപിഎം ശക്തികേന്ദ്രമായ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014–15ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുൻപിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടർന്നാണ് 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ അഞ്ചു സെന്റ് അനുവദിച്ചത്. വീടുവയ്‌ക്കാൻ അഞ്ചു ലക്ഷം കൂടി നൽകുമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ആ തീരുമാനം റദ്ദാക്കി.
ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ 10.30ഓടെ പയ്യാമ്പലം കടപ്പുറത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മക്കള്‍: മനു, ലേഖ
പ്രതികരിക്കാൻ ഇവിടെ എഴുതുക: