‘പത്തണേന്റെ കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍’. വിഭജനകാലത്ത് കോഴിക്കോട്ടങ്ങാടിയില്‍ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. പാകിസ്ഥാന്‍ ലഭിച്ചെങ്കിലും അതിന്റെ ഭാഗമായില്ല കോഴിക്കോടും പരിസരവും. ആ കൊതി തീര്‍ക്കുകയായിരുന്നു മലപ്പുറം ജില്ലയിലൂടെ. സമാനമായ മുദ്രാവാക്യമുയര്‍ത്തി ജില്ല നേടുമ്പോള്‍ അതുയര്‍ത്തുന്ന അപകടം ഉയര്‍ത്തിക്കാട്ടി സമരം നടത്താന്‍ ആളുണ്ടായിരുന്നു. ആ സമരത്തെ എതിര്‍ത്ത് ജില്ല കൊടുത്ത നമ്പൂതിരിപ്പാട് പോലും പ്രതീക്ഷിക്കാത്ത അപകടത്തിലേക്കാണ് പിണറായി വിരല്‍ ചൂണ്ടിയാത്. സ്വര്‍ണ കള്ളക്കടത്തിന്റെ പറുദീസയായി ഇന്ന് മലപ്പുറം മാറിയിരിക്കുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രവും മലപ്പുറം തന്നെ. ഓര്‍ക്കാപ്പുറത്ത് പറഞ്ഞ ഈ പരിഭവം ഇന്ന് വേട്ടയാടുകയാണ്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതറിഞ്ഞിട്ടും എന്തേ തന്നെ അറിയിച്ചില്ലാ എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, ചോദ്യങ്ങളെല്ലാം ചിരിച്ചുതള്ളി. പത്രവും ഒരു വിശദീകരണം നല്‍കി. അതിനിടെ പി.വി. അന്‍വറിന്റെ പ്രസ്താവനയും ചര്‍ച്ചയായി.
പോലീസിന്റെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതിയില്‍ മുഖ്യമന്ത്രി പറഞ്ഞത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ എഴുതിനല്‍കിയ കഥയാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. പോലീസ് തന്റെ പിന്നാലെയാണെന്നും ഇവിടെനിന്നുപോലും പോലീസ് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് വരെ പോലീസുകാര്‍ തന്റെ വീടിന് സമീപത്ത് വന്നതായും എം.എല്‍.എ. വെളിപ്പെടുത്തി.
അന്‍വറിനെതിരെ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും യുദ്ധത്തിനിറങ്ങിയിരിക്കുന്നു. ”പി.വി.അന്‍വറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അന്‍വര്‍ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഇതുവരെയുള്ള അയാളുടെ നിലപാടുകളില് നിന്നും പ്രസ്താവനകളില്‍ നിന്നും വര്‍ഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്, എന്നാണ് മന്ത്രി സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ല, എന്നും പറയുന്നു സജി ചെറിയാന്‍.
കുലുങ്ങാത്തത് ആരെന്നു വ്യക്തമായി പറയുന്നില്ല മന്ത്രി. കുലുങ്ങാത്തത് പിണറായി തന്നെ ആയിരിക്കണമല്ലോ…എന്തായാലും കുലുങ്ങിത്തുടങ്ങിയിട്ടുണ്ട്, ബ്രണ്ണന്‍ കോളജിലെ ആ പഴയ വീരശൂര പരാക്രമിക്ക്…ആ ചിരി വീണ്ടും മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്….ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനില്ലാതെ വരുമ്പോഴുള്ള ആ പിണറായിച്ചിരി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: