India

ക്ഷേത്രങ്ങളിലെ പ്രസാദത്തിന്റെ പരിശുദ്ധി: ദേശീയ തലത്തില്‍ സനാതന ധർമ്മ സർട്ടിഫിക്കേഷൻ വേണമെന്ന് പവന്‍ കല്യാണ്‍

Published by

തിരുപ്പതി: സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും, വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവർത്തികൾ തടയുന്നതിനും വേണ്ടി കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ദർശനത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് പവൻ കല്യാണിന്റെ പ്രസ്താവന.

“ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലെയും വഴിപാടുകളിലും പ്രസാദങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പരിശുദ്ധി ഉറപ്പാക്കാൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ നടപ്പിലാക്കണം,” പവൻ കല്യാൺ പറഞ്ഞു. ‘സനാതന ധർമ്മ’ത്തെ അപകീർത്തിപ്പെടുത്താനോ വിദ്വേഷം വളർത്താനോ ശ്രമിക്കുന്ന വ്യക്തികളുമായോ സംഘടനകളുമായോ സഹകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“സനാതന ധർമ്മം സംരക്ഷിക്കുന്നതിനും അതിന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും ശക്തമായ ഒരു ദേശീയ നിയമം ആവശ്യമാണ്. ഈ നിയമം ഉടനടി നടപ്പിലാക്കുകയും ഭാരതത്തിൽ ഉടനീളം ഒരേപോലെ നടപ്പിലാക്കുകയും വേണം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു ‘സനാതന ധർമ്മ സംരക്ഷണ ബോർഡ്’ സ്ഥാപിക്കണം. ഈ നിയമം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുക, ഈ ബോർഡിനെയും അതിന്റെ പ്രവർത്തനങ്ങളെയും പിന്തുണയ്‌ക്കാൻ വാർഷിക ഫണ്ട് അനുവദിക്കണം, ”അദ്ദേഹം പറഞ്ഞു.

സനാതന ധർമ്മത്തിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കപ്പെടുന്നതും ഉറപ്പാക്കാൻ ഈ ബോർഡുകൾ ബാധ്യസ്ഥരായിരിക്കുമെന്ന് ജനസേനാ പാർട്ടി മേധാവി പറഞ്ഞു.

തന്റെ ‘വരാഹി’ പ്രഖ്യാപനത്തിൽ, പവൻ കല്യാൺ സനാതന ധർമ്മത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ നിലകൊള്ളാൻ പ്രാദേശിക, ഭാഷാപരമായ, മറ്റ് ഭിന്നതകൾക്കതീതമായി ഒന്നിക്കാനും ഹിന്ദുക്കളോട്‌  ആഹ്വാനം ചെയ്തു. മറ്റ് വിശ്വാസങ്ങളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് അവരുടെ പാരമ്പര്യങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ ശബ്ദം ഉയർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചുവെന്നും ജന സേന പാർട്ടി നേതാവായ പവൻ കല്യാൺ പറഞ്ഞു. പാട്ടും ഡാൻസുമുള്ള കലാപരിപാടി എന്നാണ് രാഹുൽ അയോധ്യ ക്ഷേത്രത്തിലെ പരിപാടിയെ കുറിച്ച് പറഞ്ഞത്. സനാതന ധർമം പാലിക്കുന്ന ഹിന്ദുവിനെ വേദനിപ്പിച്ചാണ് അധികാരത്തിനായി രാഹുൽ അവരോട് വോട്ട് തേടിയെന്നും നിങ്ങൾക്ക് മോദിജിയെ വെറുക്കാം ഞങ്ങളെയും വെറുക്കാം എന്നാൽ ശ്രീരാമനെ വെറുക്കാൻ ധൈര്യപ്പെടരുത് എന്നും കല്യാൺ പറഞ്ഞു.

ലഡ്ഡു പ്രസാദത്തിലെ ക്രമക്കേടുകൾക്ക് പുറമെ കഴിഞ്ഞ അഞ്ഛ് വർഷത്തിനിടെ നടന്ന എല്ലാത്തരം നിയമലംഘനെ കുറിച്ചും സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമെന്നും” പവൻ കല്യാൺ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക