തിരുവനന്തപുരം: ഹിമാചല്‍ പ്രദേശിലെ റോത്തങ് പാസില്‍ 1968ല്‍ നടന്ന സൈനിക വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും കരസേനയില്‍ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
രാവിലെ 10.30ന് ഭൗതിക ദേഹം ഇലന്തൂര്‍ചന്ത ജങ്ഷനില്‍ നിന്ന് സൈനിക അകമ്പടിയോടെ കുടുംബ വീട്ടിലേക്ക് കൊണ്ടുവരും. കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. മാര്‍ ക്ലിമീസ് വലിയ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
കഴിഞ്ഞ ദിവസം ഒന്നരയോടെ പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹം ചണ്ഡീഗഢില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഏറ്റുവാങ്ങിയത്.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും എത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പാങ്ങോട് സൈനിക ക്യാമ്പ് മേധാവി ബ്രിഗേഡിയര്‍ എം. പി. സലീല്‍, വ്യോമ താവള സ്റ്റേഷന് ഡയറക്ടര്‍ ക്യാപ്റ്റന്‍ ടി. എന്‍. മണികണ്ഠന്, സൈനിക ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഷീബ രവി തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് രാവിലെ സൈനിക അകമ്പടിയോടെ സ്വാദേശമായ പത്തനംതിട്ടയിലെ ഇലന്തൂറിലേക്ക് കൊണ്ടുപോകും.
തോമസ് ചെറിയാന്, മല്‍ഖാന്‍ സിങ്, നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: