ദുബായി: ട്വന്റി20 ലോകകപ്പില്‍ ഭാരത വനിതകള്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത്തേതാണ് ഗ്രൂപ്പ് എയിലെ ഭാരതം-ന്യൂസിലന്‍ഡ് പോരാട്ടം.
ഗ്രൂപ്പ് എയില്‍ ഭാരതത്തിനും ന്യൂസിലന്‍ഡിനും പുറമെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരും ഉള്‍പ്പെടുന്നു. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.
ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ആഴ്‌ച്ചകള്‍ക്ക് മുമ്പാണ് ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റിവച്ചത്. ബംഗ്ലാദേശിന് ലഭിച്ച അതിഥേയത്വം മാറ്റിവയ്‌ക്കാന്‍ തയ്യാറാവുകയായിരുന്നു.
ബംഗ്ലാദേശിലെ പിച്ച് ഭാരത താരങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നതായിരുന്നു. ദുബായിലേത് അത്ര പരിചിതമല്ല. ദുബായിലും ഷാര്‍ജയിലുമുള്ള പിച്ചുകള്‍ കൂടുതലായും ബൗളിങ്ങിനെ പിന്തുണയ്‌ക്കുന്നതാണ്. കാര്യമായ ബൗണ്‍സും വേഗവും കിട്ടാത്ത പിച്ചില്‍ സ്ലോ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ അവസരം.
ഭാരതത്തിന്റെ ഫീല്‍ഡിങ് ലൈനപ്പാണ് ഏറെ ആശങ്ക ഉയര്‍ത്തുന്നതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നായിക ഹര്‍മന്‍പ്രീത് കൗര്‍ തുറന്നു സമ്മതിച്ച കാര്യമാണ്. ഈ പോരായ്മ ബാറ്റിങ്ങിലും ബൗളിങ്ങിലും വേണം നികത്താന്‍. ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്നുള്ള ഓപ്പണിങ് ജോഡി മികവോടെയാണ് തുടുരന്നത്. ജമീമ റോഡ്രിഗസ്, റിച്ചാ ഘോഷ്(വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ തുടങ്ങിവയവരെല്ലാം മികച്ച ഫോമിലാണ്. ദയാലന്‍ ഹേമലതയെ മൂന്നാം നമ്പര്‍ പൊസിഷനില്‍ അവസരം നല്‍കി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ ആശ്വാസമുണ്ട്.
വേഗം കുറഞ്ഞ യുഎഇയിലെ പിച്ചില്‍ ഭാരതത്തിന്റെ സ്പിന്‍ ലൈനപ്പ് ആശ്വാസമാകുമെന്ന് കരുതാം. ദീപ്തി ശര്‍മ, രാധാ യാദവ്, സജന സജീവന്‍ ആശാ ശോബന ജോയ് എന്നിവരാണ് സ്പിന്‍ ബൗളര്‍മാര്‍. ഇവരെ കൂടാതെ തനൂജ കാന്‍വര്‍ റിസര്‍വ് താരമായുണ്ട്. പൂജ വസ്ത്രാകാറും അരുന്ധതി റെഡ്ഡിയും അടങ്ങുന്ന പേസ് നിരയും മികച്ച താരങ്ങളാണെങ്കിലും വിചാരിക്കുന്ന പോലുള്ള വേഗവും സ്വിങ്ങും ദുബായിലെ പിച്ചില്‍ ലഭിക്കില്ലെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: