മലപ്പുറം : പി.വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ ചേരില്ലെന്ന് കെ.ടി.ജലീല്‍ എം എല്‍ എ. രാഷ്ട്രീയപരമായ വിയോജിപ്പ് പി വി അന്‍വറിനെ അറിയിക്കും.
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല.വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല. അങ്ങനെ ചെയ്താല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടാ. അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
അന്‍വറിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് കരുതുന്നില്ല. അന്‍വര്‍ അങ്ങനെ ഏതെങ്കിലും വണ്ടിയില്‍ കയറുന്നയാളല്ല. ജമാഅത്തെ ഇസ്ലാമി കുറച്ച് കാലമായി ഇതെല്ലാം കലക്കണമെന്ന ഉദ്ദേശവുമായി നടക്കുകയാണ്. തനിക്ക് ഒരു പദവിയും വേണ്ട. പാര്‍ട്ടിയില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീല്‍ പറഞ്ഞു.
എഡിജിപി, ആര്.എസ്.എസ്. നേതാവിനെ കാണരുത്. അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്നാണ് അറിയുന്നത്. എ.ഡി.ജി.പിയെ മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട എസ് പിയായിരുന്ന സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നതിനാലാണ് നടപടി എടുത്തതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: