റിയാദ് : അനുദിനം വികസനത്തിലേക്ക് കുതിച്ച് സൗദി അറേബ്യയിലെ വിനോദ സഞ്ചാര മേഖല. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
2024-ലെ ആദ്യ ഏഴ് മാസത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരത്തിനായും, അവധിക്കാലം ചെലവഴിക്കുന്നതിനായും എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 656 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി കൈകൊണ്ടിട്ടുള്ള നടപടികൾ പ്രകാരം സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ വലിയ വളർച്ച പ്രകടമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വർഷം ജനുവരിക്കും, ജൂലായ്‌ക്കും ഇടയിൽ 17.5 മില്യൺ അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെ സൗദി അറേബ്യ സ്വാഗത ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. 2023-ലെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ ഇത് 10 ശതമാനത്തിന്റെ വളർച്ചയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ടൂറിസം മേഖലയ്‌ക്ക് ഊന്നൽ നൽകാനായി നിരവധി ഇളവുകളടക്കമുള്ള പദ്ധതികൾ സർക്കാർ മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. അടുത്തിടെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന മുനിസിപ്പൽ സർവീസ് ഫീസ് ഒഴിവാക്കാൻ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ തുടങ്ങിയവയുടെ ലൈസൻസ് നേടുന്നതുമായി ബന്ധപ്പെട്ടുള്ള മുനിസിപ്പൽ സർവീസ് ഫീസ് താത്‌കാലികമായി നിർത്തലാക്കുന്നതാണ്.
അനുദിനം വളർച്ച രേഖപ്പെടുത്തുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകർന്ന് കൊണ്ട് സാമ്പത്തിക വളർച്ച ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനം. നിക്ഷേപകർക്ക് പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്.
ഈ വർഷം ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം നേരത്തെ കണക്കുകൾ പുറത്ത് വിട്ടിരുന്നു. സൗദി അറേബ്യയിലെത്തിയ 60 ദശലക്ഷം സഞ്ചാരികൾ ഏതാണ്ട് 150 ബില്യൺ റിയാൽ രാജ്യത്ത് ചെലവഴിച്ചതായും ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സൗദി അറേബ്യയിലെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ ഏതാണ്ട് 3 ശതമാനം ടൂറിസം മേഖലയെ പ്രതിനിധാനം ചെയ്യുന്നു. ഇത് കൂടുതൽ വളർത്തുന്നതിന് ടൂറിസം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏതാണ്ട് 109 മില്യൺ വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ നിലവിലെ വളർച്ച 153 ശതമാനം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: