India

സദ് ഗുരുവിനെതിരെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ കടന്നാക്രമണം; ഇപ്പോള്‍ മകളുടെ വിവാഹത്തെച്ചൊല്ലി ചെളിവാരിയെറിയുന്നു

Published by

കോയമ്പത്തൂര്‍: സദ്ഗുരുവായി അറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടന്നാക്രമണം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ചില അന്യമതസ്ഥാപനങ്ങളും തമിഴ്നാട്ടിലെ ദ്രാവിഡകക്ഷികളും ജിഹാദികളും എന്‍ജിഒകളും കുറെയേറെ നാളുകളായി ജഗ്ഗിയുടെ രക്തത്തിനായി ദാഹിച്ച് നടക്കുകയാണ്.

സനാതനധര്‍മ്മത്തെ ശക്തമായി പിന്തുണയ്‌ക്കുന്ന ഗുരു എന്ന നിലയ്‌ക്കാണ് അദ്ദേഹത്തെ ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി നശിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഏറ്റവുമൊടുവില്‍ മദ്രാസ് ഹൈക്കോടതി സ്വാഭാവികമായും ഉയര്‍ത്തിയ ഒരു സംശയത്തെ ഹിന്ദു ദിനപത്രം വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സമഹൂമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.

ജഗ്ഗി വാസുദേവിന്റെ മകളുടെ വിവാഹം ഈയിടെ നടന്നിരുന്നു. അതിന് പിന്നാലെ തന്റെ രണ്ട് മക്കള്‍ വിവാഹം കഴിക്കാതെ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആശ്രമത്തില്‍ കഴിയുന്നതായി ചൂണ്ടിക്കാട്ടി കോയമ്പത്തൂരില്‍ നിന്നുള്ള ആ പെണ്‍കുട്ടികളുടെ അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വാദം നടക്കുകയാണ്.

ഈ വാദത്തിനിടയിലാണ് ഹൈക്കോടതി സ്വാഭാവികമായി ഒരു ചോദ്യം ചോദിച്ചത്. സ്വന്തം മകള്‍ക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇന്നലെ ചോദ്യം ഉന്നയിച്ചത്. പലതും ചോദിക്കുന്ന കൂട്ടത്തില്‍ സ്വാഭാവികമായ ഒരു ചോദ്യം മാത്രമാണ് ഹൈക്കോടതി ചോദിച്ചത്. എന്നാല്‍ സാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്ത് സദ്ഗുരു പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന ആള്‍ എന്ന നിലയിലാണ് ഹൈക്കോടതിയുടെ ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.

ജഗ്ഗി വാസുദേവിനെ നശപ്പിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ചില രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇഷ ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് പരിശോധനയും നടന്നു. രണ്ട് പെണ്‍മക്കള്‍ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് പരിശോധന .

ഇഷ യോഗ സെന്ററില്‍ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് നടപടി നടത്തുന്നത്.

രണ്ട് പെണ്മക്കള്‍ കുടുംബം ഉപേക്ഷിച്ച് സെന്ററില്‍ ജീവിക്കുന്നു എന്നായിരുന്നു കോയമ്പത്തൂര്‍ സ്വദേശിയുടെ ഹര്‍ജിയിലെ പരാതി. ചില മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി യുവതികളെ അടിമകള്‍ ആക്കിയെന്നും മക്കള്‍ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി.

എന്നാല്‍ സന്യാസവും ഗാര്‍ഹസ്ഥ്യവും അവരവരുടെ ചോയ്സ് മാത്രമാണെന്നാണ് ഇതിന് സദ്ഗുരു നല്‍കുന്ന മറുപടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക