തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ വൈഎസ്ആർസിപിയുടെ ഭരണകാലത്ത് പ്രസാദമായ ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. തിരുപ്പതി ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇതിനകം എസ്ഐടിക്ക് കൈമാറിയിരിക്കുന്ന സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണ വേഗത കൂട്ടുന്നത്.
അതേ സമയം മായം കലർന്ന നെയ്യ് വിതരണം ചെയ്ത തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറിയെക്കുറിച്ച് സംഘം അന്വേഷിക്കുമെന്ന് എസ്ഐടി മേധാവി സർവശ്രേഷ്ഠ് ത്രിപാഠി പറഞ്ഞു. എസ്ഐടി ഉദ്യോഗസ്ഥർ വിഷയം അന്വേഷിക്കാൻ മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.
മായം ചേർത്ത നെയ്‌ക്ക് ഉത്തരവാദികളായ എല്ലാവരേക്കുറിച്ചും അന്വേഷിക്കും. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ കൃത്യമായ സമയമില്ലെന്നും ത്രിപാഠിയെ ഉദ്ധരിച്ച് തെലുങ്ക് ദേശം പാർട്ടി വൃത്തങ്ങൾ തിങ്കളാഴ്ച പറഞ്ഞു.
ഇതിനു പുറമെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ എല്ലാവരേയും എസ്ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്ന് ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എആർ ഡയറി ഫുഡ്‌സ് ഉൾപ്പെടുന്ന ഒന്നിലധികം സ്ഥലങ്ങൾ എസ്ഐടി ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്നും അറിയിച്ചു.
കൂടാതെ എസ്ഐടി സംഘത്തിലെ ഒരു വിഭാഗം തിരുമല ലഡ്ഡു തയ്യാറാക്കുന്ന പാചകപ്പുര, വിൽപ്പന കേന്ദ്രങ്ങൾ എന്നിവ പരിശോധിക്കുമെന്നും മറ്റ് പലഹാരം തയ്യാറാക്കുന്നവരെക്കുറിച്ചും അന്വേഷിക്കും. തിങ്കളാഴ്ച എസ്ഐടി ഉദ്യോഗസ്ഥർ നെയ്യ് സംഭരിക്കുന്ന ടാങ്കറുകൾ, ബൂന്തിപ്പൊട്ട് (ലഡ്ഡു ചേരുവകൾ ഉണ്ടാക്കുന്ന സ്ഥലം) എന്നിവ സന്ദർശിച്ച് നെയ്യിന്റെ ഉപയോഗം പരിശോധിച്ച് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: