കൊച്ചി: സ്വര്‍ണക്കള്ളക്കടത്തുകാരെയും കൊള്ള സംഘങ്ങളെയും സഹായിച്ച ഏക മുഖ്യന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷവും കൊള്ള സംഘങ്ങളെ മുഖ്യമന്ത്രി അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. മലയാള പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കാതെ ഇപ്പോള്‍ ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയത് കള്ളക്കടുത്തുകാരെ എതിര്‍ക്കുന്ന മുഖ്യമന്ത്രിയാണെന്ന് ദല്‍ഹിയില്‍ അറിയുന്നതിനു വേണ്ടിയാണ്.
മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് മലപ്പുറത്ത് ഈ കൊള്ള സംഘങ്ങള്‍ അഴിഞ്ഞാടുന്നത്. വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തുകള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ ഒത്താശയും ഉണ്ടായിരുന്നു. അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സിപിഎം സംഘമാണ് കണ്ണൂരില്‍ കള്ളക്കടത്ത് സംഘത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം ജില്ലയില്‍ അതിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ ഇന്നിപ്പോള്‍ ആക്ഷേപിക്കുന്ന ആളുകളാണ്. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരിലാണ് പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒന്നരക്കൊല്ലം ജയിലില്‍ കിടന്നത്.
സാധാരണ ഇടതുപക്ഷത്തേക്ക് ആരെങ്കിലും ചേരുമ്പോള്‍ അവരെപ്പറ്റി അന്വേഷിക്കാറുണ്ട്. എന്നാല്‍ പിണറായി വിജയന് വന്നതിനു ശേഷം വോട്ട് ബാങ്ക് താല്പര്യത്തിനു വേണ്ടി ഏത് കാശുള്ളവനും സിപിഎമ്മില്‍ ചേരാമെന്നായി. സിപിഎമ്മിന്റെ വലിയ തകര്‍ച്ചയാണ് കാണാന്‍ പോകുന്നത്. പിണറായി ആയിരിക്കും പാര്‍ട്ടിയുടെ അന്ത്യകൂദാശ ചൊല്ലുന്നത്. മുഖ്യമന്ത്രി രാജിവച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോ. 4ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റിലേക്കും ബിജെപി മാര്‍ച്ച് നടത്തുമെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: