ഐ ആം എ ഡിസ്കോ ഡാന്‍സര്‍’… എണ്‍പതുകളില്‍ ഭാരതത്തെ ഹരം കൊള്ളിച്ച ഈ വരികള്‍ക്കൊപ്പം പ്രേക്ഷക മനസുകളില്‍ ചുവടുറപ്പിച്ച ‘ഡിസ്കോ ഡാന്‍സര്‍’, ‘ഭാരതത്തിന്റെ ജാക്സണ്’ അതായിരുന്നു മിഥുന് ചക്രവര്‍ത്തി. ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡില്‍ തന്റേതായ ഇടമൊരുക്കിയ അഭിനേതാവ്… അഭിനയത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ആരാധകരെ അമ്പരിപ്പിച്ച ബോളിവുഡിന്റെ സ്വന്തം മിഥുന് ദാ.
വിപ്ലവം തലയ്ക്കു പിടിച്ച് വീടുവിട്ടിറങ്ങി നക്സലായ മിഥുന് വെള്ളിത്തിരയിലെത്തിയത് തികച്ചും അപ്രതീക്ഷിതമായി. 1950 ജൂണ്‍ 16ന് ബംഗാളിലെ കൊല്‍ക്കത്തയില്‍ ജനനം.
കൊല്‍ക്കത്തയിലെ ഓറിയന്റല്‍ സെമിനാരി, സ്കോട്ടിഷ് ചര്‍ച്ച് കോളജ്, പൂനെ ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടാണ് നക്സലേറ്റായതും വീട് വിട്ടതും. എന്നാല്‍ മിഥുന് ചക്രവര്‍ത്തിക്കുവേണ്ടി വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഏക സഹോദരന്റെ മരണം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.
1976ലാണ് വെള്ളിത്തിരയിലേക്കുള്ള ആദ്യ ചുവടുവച്ചത്. മൃണാള്‍ സെന്നിന്റെ മൃഗയയില്‍ നായകനായി. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ മിഥുന് ആയിരുന്നു. അങ്ങനെ ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. പിന്നീട് ആര്‍ട്ട് സിനിമകളിലൊതുങ്ങാതെ മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മിഥുന് ചക്രവര്‍ത്തി അഭിനയപ്രാധാന്യമുള്ള കഥാപാത്രമായും തട്ടുപൊളിപ്പന്‍ ഹീറോ ആയും പ്രേക്ഷകരെ അമ്പരിപ്പിച്ചു. ബോളിവുഡില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു.
ബോളിവുഡിലെ ഡിസ്കോ കിങ് ആയി അറിയപ്പെട്ട മിഥുന് നടത്തത്തിലും, അഭിനയ വൈദഗ്ധ്യം, നൃത്ത ചുവടുകള്‍, ഡയലോഗ് ഡെലിവറി തുടങ്ങി എല്ലാത്തിലും വേറിട്ടു നിന്നു. ബ്രേക്ക് ഡാന്‍സ്, ഹിപ് ഹോപ്, ട്വിസ്റ്റ്, ഡിസ്കോ, അമേരിക്കന്‍ ലോക്കിങ് പോപ്പിങ് തുടങ്ങിയ വിവിധ ഡാന്‍സ് മ്പറുകളിലൂടെ ചെറുപ്പക്കാരുടെ ഹരമായി.
ഡിസ്കോ ഡാന്‍സര്‍, കമാന്‍ഡോ, സുരക്ഷ, തിത്ലി, തഹാദേര്‍ കഥ, ഷുക്നോ ലങ്ക, തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. സുമന് ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1989ല്‍ 19 സിനിമകളില്‍ നായകനായി അഭിനയിച്ചവെന്ന അവിശ്വസനീയമായ റിക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന് ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.
യോഗിത ബാലിയാണ് ഭാര്യ. മിമോഹ്, ഉഷ്മേയ് ചക്രബര്‍ത്തി, നമഷി ചക്രബര്‍ത്തി, ദിഷാനി ചക്രബര്‍ത്തി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: