തിരുവനന്തപുരം: പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും സാംസ്കാരിക പൈതൃകങ്ങളേയും ധ്വംസിക്കുന്ന തരത്തില്‍ തിരുനാവായ തവനൂര്‍ പാലം നിര്‍മിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം.
നിര്‍ദ്ദിഷ്ട പാലത്തിന്റെ അലൈന്മെന്റ് തവനൂര്‍ കടവില്‍ എത്തുന്ന വിധം പുനഃക്രമീകരിച്ചാല്‍ നിര്‍മാണ ചിലവ് വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും എന്ന വിദഗ്ദ്ധ നിര്‍ദേശം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നദിയുടെ വടക്കേ കരയിലെ നാവാമുകുന്ദ ക്ഷേത്ര സമീപത്തുനിന്നാരംഭിച്ച് തെക്കേ തീരത്തുള്ള ബ്രഹ്മാശിവക്ഷേത്രങ്ങളുടെ മധ്യത്തില്‍ എത്തുംവിധം തെറ്റായ രൂപകല്പനയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. അത് ത്രിമൂര്‍ത്തി സന്നിധി എന്ന നിലയില്‍ നദിയിലെ ത്രികോണാകൃതിയിലുള്ള ഒരു പരമ്പരാഗത തീര്‍ത്ഥസ്ഥാനമാണ്.
മാത്രമല്ല, കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് അന്ത്യവിശ്രമം കൊള്ളുന്ന തവനൂരിലെ സ്മൃതിമണ്ഡപത്തിന്റെ മുകളിലൂടെയാണ് പാലത്തിന്റെ നിലവിലെ രൂപകല്പന. ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ക്ഷേത്ര സന്നിധികളില്‍ വിശാലമായ കല്പടവുകള് കെട്ടി പുണ്യസ്നാന നിര്‍വഹണത്തിനും പിതൃതര്‍പ്പണത്തിനും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നുള്ള ജനങ്ങളുടെ ചിരകാല ആവശ്യം നിലനില്‍ക്കുമ്പോഴാണ് അവയെല്ലാം നശിപ്പിക്കുന്ന വിധത്തില്‍ പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുമ്പെടുന്നത്.
നിര്‍ദിഷ്ട പാലത്തിന്റെ അലൈന്മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി പുനരാലോചന നടത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ജനറല്‍ സെക്രട്ടറി കെസി. സുധീര്‍ബാബു, ഡോ. എസ്. ഉമാദേവി, ഡോ. എന്‍. സന്തോഷ് കുമാര്‍, ഡോ. സി.എ. ഗീത, രാമചന്ദ്രന് പാണ്ടിക്കാട്, ഡോ. ശിവകുമാര്‍, ശ്രീധരന് പുതുമന, എസ്. രാജന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: