ബെയ്റൂട്ട് : ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ 11 മാസം മുമ്പേ ഇസ്രായേൽ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട് . കഴിഞ്ഞ വർഷം ഒക്‌ടോബർ എട്ടിന് ഓപ്പറേഷൻ അൽ അഖ്‌സയ്‌ക്ക് ശേഷം ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി. എന്നാൽ ഹമാസിനൊപ്പം ഹിസ്ബുള്ളയുടെ ഭീഷണിയും എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .
ഒക്ടോബർ 8 മുതൽ തന്നെ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ മൊസാദിന്റെ റഡാറിൽ ഉണ്ടായിരുന്നു . ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ നസ്റല്ലയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനം കണ്ടെത്തുകയായിരുന്നു. ഹമാസ് ദുർബലമായ ശേഷം ഹിസ്ബുള്ളയെ മാത്രമാണ് നിരീക്ഷിച്ചത്. എല്ലാ മുൻനിര കമാൻഡർമാരെയും ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേലിന്റെ ശ്രമം.
ഒക്ടോബർ 8-ലെ സംഭവത്തിന് ശേഷം ഏകദേശം 6 മാസത്തോളം എടുത്താണ് ഇസ്രായേൽ ഹമാസിനെ തകർത്തത് . ശേഷം, 2024 ജൂണിൽ ഇസ്രായേൽ സൈന്യം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജൂൺ 12 ന് നാസർ യൂണിറ്റ് ചീഫ് തലേബ് സമി അബ്ദുള്ള വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂലൈയിൽ അസീസ് യൂണിറ്റ് ചീഫ് മുഹമ്മദ് നസീറിനെയും സീനിയർ കമാൻഡർ ഫവാദ് ഷുക്കറിനെയും ഇസ്രായേൽ വധിച്ചിരുന്നു.
സെപ്തംബർ 17, 18 തീയതികളിൽ ലെബനനിൽ പെട്ടെന്ന് പേജറുകളും വാക്കി-ടോക്കികളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ റൗണ്ട് സംഘർഷം ആരംഭിച്ചു. നിരവധി ഹിസ്ബുള്ള ഭീകരർ ഉൾപ്പെടെ 39 ഓളം പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണെന്നും പറയപ്പെടുന്നു.
സെപ്റ്റംബറിൽ, ഓപ്പറേഷൻസ് മേധാവി ഇബ്രാഹിം അകിൽ, റദ്‌വാന്റെ ട്രെയിനിംഗ് ചീഫ് അഹമ്മദ് വഹാബി, സതേൺ ഫ്രണ്ട് കമാൻഡർ അലി കറാക്കി, ഒടുവിൽ ഹിസ്ബുള്ള തലവൻ നസ്‌റല്ല എന്നിവരെ വ്യോമാക്രമണം വഴി ഇല്ലാതാക്കി.
. ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാരുടെയും വിദേശ പൗരന്മാരുടെയും കൊലപാതകത്തിന് ഉത്തരവാദി നസ്രല്ലയായായിരുന്നുവെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞത് . ‘ ആയിരക്കണക്കിന് ഇസ്രായേലികളുടെയും മറ്റ് ജനങ്ങളുടെയും ജീവന് നസ്രല്ല ഭീഷണിയായിരുന്നു. ഞാൻ നമ്മുടെ ശത്രുക്കളോട് പറയുന്നു – ഞങ്ങൾ ശക്തരും ദൃഢനിശ്ചയമുള്ളവരുമാണ്. . ഇത് മാറ്റത്തിന്റെ കാലമാണ്.‘ അദ്ദേഹം പറഞ്ഞു.
അതേസമയം നസ്രല്ലയ്‌ക്ക് പിൻ ഗാമിയായി ഹാഷിം സഫീദ്ദീൻ ഹിസ്ബുള്ളയുടെ തലപ്പത്ത് വന്നേക്കും .. 2017ൽ തന്നെ സഫിദ്ദീനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: