കോഴിക്കോട്: പണത്തിനു മുന്നില്‍ ഒന്നും പറക്കില്ലെന്നത് പോലെ എഡിജിപി അജിത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒന്നും നടക്കില്ല.
ക്രൈംബാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടെന്ന് എക്സൈസിലേക്ക് മാറ്റിയത്. വിക്രമിനെ തിരികെ ഐ ഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബാഞ്ച് എഡിജിപിയെ കണ്ടു. ശുപാര്‍ശ ഡിജിപിക്കു നല്കി. എന്നാല്‍ ഒന്നും ഉണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് അന്‍വറിന്റെ പരാമര്‍ശം.
മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനല്‍വത്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസും പരാമര്‍ശിച്ചു. 2017 ഡിസംബറില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതില്‍ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗണ്‍സിലിംഗില്‍ ആഷിര്‍ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ രണ്ട് യുവാക്കള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെന്നും അന്‍വര്‍ പറഞ്ഞു.
ഈ നാട്ടില്‍ നന്നായി ജീവിക്കാന്‍ കഴിയും എന്ന് നമ്മള് കരുതണ്ട. ഇല്ലാത്ത എംഡിഎംഎ കേസില്‍ നൂറിലേറെ പേര് ഉള്‍പ്പെട്ടു. നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടം ചെയ്യുന്നുണ്ട്. സുജിത് ദാസിനെപോലെയുളളവരാണ് ഇങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതില്‍ ശരിയുണ്ട്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല.
കരിപൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. മത സൗഹാര്‍ദത്തിന്റെ കടയ്ക്കല്‍ മുഖ്യമന്ത്രി കത്തി വയ്്ക്കുന്നു.അപകടകരമായ പോക്കാണിത്. ഇത് പോരാളികളുടെ നാടാണ് എന്നോര്‍ക്കണം. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങള്‍ക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണ്.
എംആര്‍ അജിത് കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. സസ്പെന്‍ഡ് ചെയ്യാന്‍ അത് പോരെ. എന്നാല്‍ ചെയ്യില്ല. അജിത് കുമാര്‍ വാങ്ങിയ ഫ്ലാറ്റിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍ നോക്കിയാല്‍ എല്ലാം മനസിലാക്കാം. ജനപ്രതിനിധികള്‍ക്ക് ന്യായമായ ഒരു വിഷയത്തിലും ഇടപെടാന്‍ പറ്റാത്ത അവസ്ഥയാണ്. മിക്കതിലും അന്യായത്തിന്റെ ഭാഗത്ത് പി ശശി ഉണ്ടാകും. സത്യ സന്ധരായ പൊലീസ് ഓഫീസര്‍മാരുടെ പക്കല്‍ ഒരു കേസ് ഫയലും എത്തില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: