തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അത് മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികള്‍ക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാല്‍ തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: