ന്യൂയോര്‍ക്ക്: പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ലോകത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത് അവരുടെ കര്‍മം മാത്രമാണെന്നും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍.
പാകിസ്ഥാന്റെ ഭീകരവാദ നയങ്ങളും രാഷ്ട്രീയവും ജനങ്ങളില്‍ മതഭ്രാന്ത് വളര്‍ത്തുകയാണ്. ഇതിന് വലിയ വില നല്‍കേണ്ടി വരും. മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന പ്രവര്‍ത്തനരഹിതമായ ഒരു രാഷ്ട്രം തുറന്നുകാട്ടപ്പെടണം, അതിനെ പ്രതിരോധിക്കണം. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും വിജയിക്കില്ല. ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ ജയശങ്കര്‍ മുന്നറിയിപ്പ് നല്കി.
ഗാസ യുദ്ധം, റഷ്യ- ഉക്രൈന് യുദ്ധം തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ട് ഒരു ദുഷ്കരമായ സമയത്താണ് ഒത്തുകൂടിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്. ലോകത്തെ മികച്ചതാക്കി മാറ്റാന്‍ യുഎന്‍ മുന്നിട്ടിറങ്ങണമെന്നും ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. ഇത് വിദേശ സ്വാധീനങ്ങളുടെ മത്സരമായതുകൊണ്ടല്ല, മറിച്ച് നമ്മള് ഇങ്ങനെ മുന്നോട്ട് പോയാല്‍ ലോകത്തിന്റെ അവസ്ഥ വളരെ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും പ്രയോജനകരമാകുന്ന ഒരു മാറ്റത്തിന് മാതൃകയാണ് ‘വികസിത് ഭാരത്’ എന്ന് മന്ത്രി എടുത്തുപറഞ്ഞു. വലിയ മാറ്റങ്ങള്‍ സാധ്യമാണെന്ന് ഞങ്ങള്‍ തെളിയിക്കേണ്ടതുണ്ട്.
ഭാരതം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍, സ്വന്തം 5ജി പുറത്തിറക്കുമ്പോള്‍, ലോകമെമ്പാടും വാക്സിനുകള്‍ അയയ്ക്കുമ്പോള്‍, ഫിന്‍ടെക്കിനെ സ്വീകരിക്കുമ്പോള്‍ അല്ലെങ്കില്‍ നിരവധി ആഗോള ശേഷി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ഇവിടെ ഒരു സന്ദേശമുണ്ട്. ഒരു വികസിത ഭാരതത്തിന് വേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം മനസിലാക്കാവുന്ന തരത്തില്‍ സൂക്ഷ്മമായി പിന്തുടരുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: