ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കീ ബാത്ത് പത്ത് വര്‍ഷം തികയുന്നു. ഇന്നലെ 114-ാം പതിപ്പിലാണ് മന് കീ ബാത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.
ഒരുപാട് ഓര്‍മകള്‍ നിറഞ്ഞ ഈ അധ്യായം തന്നെ വികാരഭരിതനാക്കുകയാമെന്നും മന് കീ ബാത്തിന്റെ യാത്രയ്ക്ക് 10 വര്‍ഷം തികയുന്നതാണ് അതിന് കാരണമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആരംഭിച്ചത്. പത്തു വര്‍ഷം തികയ്ക്കുന്നത് നവരാത്രിയുടെ പ്രഥമ ദിനത്തിലായത് പവിത്രമായ യാദൃച്ഛികതയാണ്. കോടിക്കണക്കിന് ശ്രോതാക്കള്‍ നിരന്തര പിന്തുണ നല്കി. അവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങള്‍ നല്കി. ഈ ശ്രോതാക്കളാണ് മന് കീ ബാത്തിന്റെ യഥാര്‍ത്ഥ ശില്പികള്. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കില്‍ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം ഉത്സുകരാണെന്ന് മന് കീ ബാത്ത് തെളിയിച്ചു. രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങള്‍ കേള്‍ക്കുന്നതെന്ന് കണ്ടു.
സമൂഹത്തില്‍ കൂട്ടായ്മയിലൂടെ ചെയ്യുന്ന ഏതൊരു ജോലിയേയും മന് കീ ബാത്തിലൂടെ ആദരിച്ചു. മന് കീ ബാത്തിന് ലഭിച്ച കത്തുകള്‍ വായിക്കുമ്പോള്‍ എന്റെ മനസ് അഭിമാനത്താല്‍ നിറയുന്നു. സമൂഹത്തെ സേവിക്കുന്നതിന് ജീവിതം സമര്പ്പിച്ചവരെക്കുറിച്ച് അറിയുന്നത് എന്നില്‍ ഊര്‍ജം നിറയ്ക്കുന്നു. മന് കീ ബാത്തിന്റെ മുഴുവന്‍ പ്രക്രിയയും എനിക്ക് ഈശ്വര ദര്‍ശനം പോലെയാണ്.
മന് കീ ബാത്തിലൂടെ ഉന്നയിച്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കി പല മാധ്യമസ്ഥാപനങ്ങളും കാമ്പയിനുകള്‍ സംഘടിപ്പിച്ചു. വീടുവീടാന്തരം ഇത് എത്തിച്ച അച്ചടിമാധ്യമങ്ങള്‍, യൂട്യൂബര്‍മാര്‍ എന്നിവരോടും നന്ദി അറിയിക്കുന്നു. മന് കീ ബാത്തിനെ ആസ്പദമാക്കി നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: