ന്യൂദല്‍ഹി: കേരള ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്കി ദല്‍ഹി കോടതി. ചീഫ് സെക്രട്ടറി മുഖേന നോട്ടീസ് കൈമാറണം. അന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും റോസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ ദല്‍ഹി കേരള ഹൗസില്‍ എസ്എഫ്ഐക്കാര്‍ തടഞ്ഞ കേസിലെ പരാതിക്കാരനും പ്രധാനസാക്ഷിയുമാണ് അന്നത്തെ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണറായിരുന്ന ബിശ്വനാഥ് സിന്‍ഹ. ഇന്നലെ ഓണ്‍ലൈനായി ഹാജരായി മൊഴി നല്കാന് സിന്‍ഹയോട് കോടതി നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി ഓണ്‍ലൈനായാണ് ബിശ്വനാഥ് സിന്‍ഹ മൊഴിനല്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ഹാജരായിട്ടില്ലെന്ന് ഇന്നലെ കോടതി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ മൂന്നാംവാരം കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
ഓഫീസിലിരുന്ന് മൊഴി നല്കാന് ആഭ്യന്തര സെക്രട്ടറി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ചട്ടപ്രകാരം കോടതി മുറിയില്‍ നിന്നല്ലാതെ മൊഴി രേഖപ്പെടുത്താനാകില്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: