കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിക്ക് സമനില. ഇന്നലെ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സുമായാണ് സമനില പാലിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പാനിഷ് താരം അഡ്രിയാന്‍ സെര്‍ദിനേറോ കണ്ണൂര്‍ ടീമിനായും പകരക്കാരന് പി.എം. ബ്രിട്ടോ കാലിക്കറ്റ് ടീമിനായും സ്കോര്‍ ചെയ്തു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ അര്ജുന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് മത്സരം കിക്കോഫ് ചെയ്തത്.
അബ്ദുല്‍ ഹക്കുവിന്റെ നായകത്വത്തില്‍ താഹിര്‍ സമാന് – ബെല്‍ഫോര്‍ട്ട് – ഗനി നിഗം എന്നിവരെ ആക്രമണ ചുമതല ഏല്‍പ്പിച്ചാണ് കാലിക്കറ്റ് ഇറങ്ങിയത്. സ്പാനിഷ് നായകന് അഡ്രിയാന്‍ സെര്‍ദിനേറോക്ക് കീഴില്‍ കണ്ണൂരും ബൂട്ടുകെട്ടി. എട്ടാം മിനിറ്റില്‍ കാലിക്കറ്റിന്റെ യുവതാരം റിയാസിന് നല്ലൊരവസരം കൈവന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ഇരുപത്തിയാറാം മിനിറ്റില്‍ കണ്ണൂരിന്റെ ഫ്രീകിക്ക് കാലിക്കറ്റ് ഗോളി വിശാല്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.മികച്ച നീക്കങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ഫിനിങ്ങിലെ പാളിച്ച ആദ്യപകുതി ഗോള്‍രഹിതമാക്കി.
രണ്ടാം പകുതിയില്‍ ബ്രിട്ടോ, അഭിറാം എന്നിവരെ കൊണ്ടുവന്ന് കാലിക്കറ്റ് അറ്റാക്കിങ് ഡിപ്പാര്‍ട്ട്മെന്റ് പുതുക്കിപ്പണിതു.എന്നാല്‍ ഗോളടിച്ചത് കണ്ണൂരായിരുന്നു. അറുപതാം മിനിറ്റില്‍ എസിയര്‍ ഗോമസ് നല്കിയ പന്തില്‍ സ്പാനിഷ് താരം അഡ്രിയാന്‍ സെര്‍ദിനേറോയുടെ ക്ലിനിക്കല്‍ ഫിനിഷിങ് 1-0. എഴുപത്തിയൊന്നാം മിനിറ്റില്‍ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഗനി കണ്ണൂര്‍ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടെങ്കിലും ഗോള്‍ കീപ്പര്‍ അജ്മല്‍ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ മൂന്ന് കണ്ണൂര്‍ താരങ്ങളെ വെട്ടി യൊഴിഞ്ഞ് ബ്രിട്ടോ തൊടുത്ത ഷോട്ട് കണ്ണൂര്‍ വലയില്‍ വിശ്രമിച്ചു 1-1.
ലീഗ് ടേബിളില്‍ അഞ്ചു കളികളില്‍ 9 പോയന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ 7 പോയന്റുള്ള കാലിക്കറ്റ് രണ്ടാംസ്ഥാനത്ത് തുടരുന്നു. ലീഗില്‍ ഇന്നും നാളെയും കളിയില്ല. ചൊവ്വാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: