തിരുവനന്തപുരം: കേരളത്തില്‍ കള്ളന്മാര് മോഷ്ടിക്കാന്‍ ഇറങ്ങുന്ന സമയം പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണെന്ന് ഹരിയാനയില്‍ നിന്നുള്ള ഗ്യാസ് കട്ടര്‍ ഗ്യാങ്ങിന് വരെ അറിയാം. ഗ്യാസ് കട്ടര്‍ ഗ്യാങ്ങിനെ അറിയില്ലേ? തൃശൂരിലെ മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള മൂന്ന് ബാങ്ക് എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിയെടുത്ത് കണ്ടെയ്നര്‍ ലോറിയിലാക്കിയ കള്ളന്മാര്….അതെ കേരളത്തിന് അകത്തും പുറത്തും ഉള്ള എല്ലാ കള്ളന്മാര്ക്കും അക്കാര്യം അറിയാം. കള്ളന്മാരും ക്രിമിനലുകളും കക്കുന്നതും ആക്രമണം നടത്തുന്നതും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ്. ഇപ്പോള്‍ ഇക്കാര്യം പൊലീസിനെയും ഭരണത്തിലിരിക്കുന്നവരേയും ഓര്മ്മിപ്പിയ്ക്കുന്നത് മറ്റാരുമല്ല, റിട്ട. എസ്.പി. ആര്.കെ. ജയരാജ് ആണ്.
കള്ളന്മാര് മോഷണ സമയം തെരഞ്ഞെടുക്കുന്നതിന് ഒരു കാരണം കേരളത്തിലെ പൊലീസ് അവരുടെ പട്രോളിങ്ങ് പുലര്‍ച്ചെ രണ്ട് മണിക്ക് നിര്‍ത്തും എന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പൊലീസിന്റെ നൈറ്റ് പട്രോളിംഗ് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ്. പക്ഷെ മിക്ക പൊലീസ് സ്റ്റേഷനുകളിലും രാത്രി രണ്ട് മണിയാകുമ്പോള്‍ പട്രോളിങ്ങ് നിര്‍ത്താറുണ്ട്. കേരളത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ നാല് മണി വരെ ഒരിടത്തും പൊലീസിനെ കാണാന്‍ പറ്റില്ലെന്നും ഇതാണ് കള്ളന്മാരുടെ പ്രൈം ടൈമെന്നും റിട്ട. എസ്.പി. ആര്.കെ. ജയരാജ് ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തൃശൂരിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, ഇരിങ്ങാലക്കുടയിലെ മാപ്രാണം എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് കൊണ്ടുപോയ ഹരിയാനയിലെ കള്ളന്മാരെ പൊലീസിന് പൊക്കാന്‍ കഴിയാതിരുന്നത്. മോഷണവിവരം പൊലീസ് അറിഞ്ഞുവരുമ്പോഴേക്കും കള്ളന്മാര് പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. കേരളത്തില്‍ മോഷണങ്ങളും കുറ്റകൃത്യങ്ങളും കൂടുതല്‍ നടക്കുന്നത് പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണെന്നും പറയുന്നു. ആവര്‍ത്തിച്ച് നൈറ്റ് ഡ്യൂട്ടി വരുന്നതിനാല്‍ പൊലീസുകാരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് അവര്‍ രാത്രി രണ്ട് മണിയാകുന്നതോടെ നൈറ്റ് പട്രോളിംഗ് അവസാനിപ്പിക്കുന്നതെന്ന് പറയുന്നു. ഇതാണ് കള്ളന്മാര് മുതലാക്കുന്നത്.
രാത്രികാലങ്ങളില്‍ പല സ്റ്റേഷനുകളിലും രാത്രികാല പട്രോളിങ്ങ് ഇല്ല. ഷൊര്‍ണ്ണൂരും തൃശൂരുമൊക്കെ രാത്രി പട്രോളിംഗ് നിര്‍ബന്ധമാക്കേണ്ട സ്ഥലങ്ങളാണെന്നും റിട്ട.എസ്. പി. ജയരാജ് പറയുന്നു.
നൈറ്റ് പട്രോളിങ്ങിനിറങ്ങുന്ന കേരള പൊലീസിന്റെ കയ്യില്‍ പലപ്പോഴും ലാത്തി മാത്രമേ കാണൂ. അതിനാല്‍ പെറ്റി പിടുത്തമാണ് കൂടുതല്‍. വാഹനങ്ങളുടെ ബുക്കും പേപ്പറും ചോദിക്കുകയല്ലാതെ വാഹനം പരിശോധിക്കാറില്ലെന്നും റിട്ട.എസ് പി ജയരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: