ചലച്ചിത്രസംഗീതലോകത്ത് അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കഥയാണ് സംഗീതസംവിധായകന്‍ ഔസേപ്പച്ചനും ഗാനരചയിതാവ് കൈതപ്രവും തമ്മില്‍.
ഒരു സമഗമപസാനി നിധമ…ഒരു സിനിമയ്‌ക്ക് വേണ്ടി മനസ്സില്‍ ഒരു ട്യൂണ്‍ പിറന്നപ്പോള്‍ ഔസേപ്പച്ചന്‍ കൈതപ്രത്തിന് സ്വരങ്ങള്‍ മാത്രം പാടിക്കൊടുത്തു. ഉടനെ അതിന് കൈതപ്രത്തിന്റെ വരികള്‍ വന്നു- സമയമിതപൂര്‍വ്വ സായാഹ്നം….വരികള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങിനെ ആ പാട്ട് ജനിച്ചു. ‘ഹരികൃഷ്ണന്‍സ്’ എന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സിനിമ. യേശുദാസിന്റെ ആലാപനത്തില്‍ ഒരു സെമിക്ലാസിക്കല്‍ സോങ്ങ്. .
സമയമിതപൂര്‍വ്വ സായാഹ്നം.
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ
മൂന്ന് രാഗങ്ങള്‍ ഉപയോഗിച്ചാണ് ഔസേപ്പച്ചന്‍ ഈ ഗാനം ചെയ്തത്. നവരസകന്നട, ബേഗഡ, ശഹാന എന്നീ രാഗങ്ങള്‍. ഒരു ടിവി ചാനലിന് വേണ്ടി കൈതപ്രവും ഔസേപ്പച്ചനും ഒന്നിച്ചപ്പോഴാണ് ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്.
മറ്റൊരു സിനിമയ്‌ക്ക് വേണ്ടി ജനിച്ച ട്യൂണ്‍ ഇങ്ങിനെയാണ് ഔസേപ്പച്ചന്‍ പാടിക്കൊടുത്തത്.
റ്ററ്ററ്ററ്റാാറ്റാാ….റ്റാാറ്ററ്ററ്റാാറ്റാാ…. ഉടനെ വന്നു കൈതപ്രത്തിന്റെ വരികള്‍…”കൈവളരുമ്പോള്‍…കുഞ്ഞിക്കാല്‍വളരുമ്പോള്‍…” അപ്പോള്‍ ആ ട്യൂണിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു ഭയങ്കര എക്സ്പ്രഷന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൈതപ്രം കണ്ടെത്തി. ആ പാട്ടിന്റെ തുടക്കം ഇങ്ങിനെ: .
കന്നിപ്പീലിതൂവലൊതുക്കും കിങ്ങിണി തേൻ കുരുന്നേ
കുന്നോളം പുത്തൻ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും നിന്നെ
കാഞ്ചനക്കൂട്ടിലുറക്കും (കന്നിപ്പീലി….)
സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ സ്പര്‍ശം എന്ന സിനിമയിലായിരുന്നു ഈ ഗാനം. ഹരികാംബോജി രാഗത്തില്‍ ഔസേപ്പച്ചന്‍ സൃഷ്ടിച്ചതാണ് ഈ ഗാനം.
“പാട്ടിന്റെ പേരില്‍ താന്‍ ഒരിയ്‌ക്കലും കലഹിച്ചിട്ടില്ല. രവീന്ദ്രന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍ എന്നീ സംഗീതസംവിധായകരുമായി നല്ല ഹൃദയബന്ധം ആയിരുന്നു. സ്വകാര്യത്തില്‍ തമാശയൊക്കെ പറയും. അവരുമായുള്ള ബന്ധം ഒരു തരം ആത്മബന്ധമാണ്. ആ ആത്മബന്ധമില്ലാതെ നല്ല പാട്ടുണ്ടാവില്ല”- തന്റെ ഓരോ നല്ല ഗാനങ്ങള്‍ക്ക് പിന്നിലും ആത്മബന്ധമുണ്ടെന്ന് കൈതപ്രം ചൂണ്ടിക്കാട്ടുന്നു.
തൂവല്‍ സ്പര്‍ശത്തിന്റെ കമ്പോസിംഗ് വേളയുടെ ഒരു ഇടവേളയില്‍ തിരുമേനി തന്റെ പുതിയ ഒരു പാട്ടിന്റെ കാസറ്റ് പ്ലേ ചെയ്തു- “പ്രമദവനം വീണ്ടും…ഋതുരാഗം ചൂടീ”…ആ പാട്ടിന്റെ ആദ്യ വരി കേട്ടപ്പോഴേ ഔസേപ്പച്ചന്‍ പറഞ്ഞൂ:”തിരുമേനി ഇത് ഹിറ്റാവും.”. അത് പിന്നീട് വന്‍ ഹിറ്റായി. ആ ഗാനം രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനും യേശുദാസ് എന്ന ഗായകനും ചേര്‍ന്ന് വലിയ സംഭവമാക്കി. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഈ ഗാനം ജോഗ് രാഗത്തിലാണ് രവീന്ദ്രന്‍ ഈണമിട്ടത്. ഇന്നത് തലമുറകളെ പുല്‍കുന്ന ഗാനമായി. അതുപോലെ ജോണ്‍സണുമായി ചേര്‍ന്നുണ്ടാക്കിയ “ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം” എന്ന ഗാനവും കൈതപ്രം തന്നെ കേള്‍പ്പിച്ചിരുന്നുവെന്ന കാര്യം ഔസേപ്പച്ചന്‍ പറഞ്ഞു.
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ്
ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ ഈ ഗാനം ജോണ്‍സണ്‍ കല്യാണി രാഗത്തിലാണ് ഈണമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: