Football

ഫോഴ്‌സ കൊച്ചിക്ക് ആദ്യ വിജയം

Published by

കൊച്ചി: സൂപ്പര്‍ ലീഗ് കേരളഫുട്‌ബോളില്‍ ഫോഴ്‌സ കൊച്ചിക്ക് ആദ്യ വിജയം. ലീഗിന്റെ നാലാം റൗണ്ട് അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊമ്പന്‍സ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും ഡോറിയല്‍ട്ടനും സ്‌കോര്‍ ചെയ്തപ്പോള്‍ കൊമ്പന്‍സിന്റെ ഗോള്‍ മാര്‍ക്കോസ് വില്‍ഡറിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

ഗോള്‍കീപ്പര്‍ സാന്റോസ് അമേരിക്കോസ് അടക്കം നാല് ബ്രസീല്‍ കരുത്തരെ അണിനിരത്തിയാണ് കൊമ്പന്‍സ് ഇന്നലെ കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി താരം അര്‍ജുന്‍ ജയരാജ് നയിച്ച കൊച്ചി ടീമില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.

ഗോള്‍ ലക്ഷ്യമാക്കിയുള്ള ഒരു നീക്കം പോലും കളിയുടെ ആദ്യ കാല്‍ മണിക്കൂറില്‍ കാണാന്‍ കഴിഞ്ഞില്ല. കൊച്ചി താരം ആസിഫിന് ലഭിച്ച മഞ്ഞക്കാര്‍ഡ് മാത്രമായിരുന്നു പരാമര്‍ശിക്കാവുന്ന സംഭവം. പന്തിന്മേലുള്ള നിയന്ത്രണത്തിനായി ഇരു ടീമുകളും ശ്രമിച്ചപ്പോള്‍ അദ്യ അരമണിക്കൂറില്‍ കളി മധ്യനിരയില്‍ കെട്ടിക്കിടന്നു. ഇരുപത്തിനാലാം മിനിറ്റില്‍ വലത് വിംഗിലൂടെ മുന്നേറി കൊമ്പന്‍സ് താരം മുഹമ്മദ് അസ്ഹര്‍ തൊടുത്ത ഇടതുകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മുപ്പത്തിയെട്ടാം മിനിറ്റില്‍ ബ്രസീലുകാരന്‍ മാര്‍ക്കോസ് വില്‍ഡര്‍ നടത്തിയ ഗോള്‍ ശ്രമം കൊച്ചി ഗോളി ഹജ്മല്‍ രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനകം കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡര്‍ വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാര്‍ക്കോസ് കൊമ്പന്‍സിന് ലീഡ് നല്‍കി 1-0. തുടര്‍ന്നും കൊമ്പന്‍സ് ആക്രമണത്തിന് തുനിഞ്ഞതോടെ കൊച്ചി പ്രതിരോധം ആടിയുലഞ്ഞു. അര ഡസണിലേറെ കോര്‍ണര്‍ കിക്കുകള്‍ കണ്ടെങ്കിലും ആദ്യപകുതി 1-0 ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഫോഴ്‌സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോള്‍ കീപ്പര്‍ ഹജ്മലാണ് അവര്‍ക്ക് പലപ്പോഴും രക്ഷകനായത്. അന്‍പത്തിനാലാം മിനിറ്റില്‍ ആസിഫിനെ പിന്‍വലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. അറുപത്തിമൂന്നാം മിനിറ്റില്‍ കൊച്ചി സമനില പിടിച്ചു. ബ്രസീലുകാരന്‍ ഡോറിയല്‍ ഗോമസ് നല്‍കിയ പാസ് കൃത്യമായി പോസ്റ്റില്‍ എത്തിച്ച് പകരക്കാരന്‍ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. പതിയെ കളിയില്‍ മേധാവിത്വം നേടിയ കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റില്‍ ബ്രസീല്‍ താരം

ഡോറിയല്‍ട്ടന്‍ ലീഡ് നല്‍കി 1-2. വലതു ഭാഗത്ത് നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചില്‍ ബ്രസീല്‍ താരം പോസ്റ്റില്‍ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളില്‍ ലീഡ് ഉയര്‍ത്താന്‍ കൊച്ചിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. നാല് കളിയില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയന്റ് വീതമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by