ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഭാരതത്തിന്റെ പ്രസക്തിയും സാന്നിദ്ധ്യവും ഏറിവരികയും ഭാരതം വിഭിന്ന മേഖലകളില്‍ അംഗീകാരം നേടുകയും ചെയ്യുന്നു എന്നതാണ് സമീപ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. സാങ്കേതിക മേഖലയിലും നിര്‍മാണ മേഖലയിലും രാജ്യാന്തര വ്യാപാര മേഖലയിലും നയതന്ത്ര മേഖലയിലും കൈവരിക്കുന്ന നേട്ടങ്ങളും അംഗീകാരങ്ങളും വഴി ഭാരതത്തിനു കൈവരുന്ന സ്വാധീനം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും ലോക രാഷ്ട്രങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന സ്ഥിതി വന്നിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടായി. അടുത്തകാലത്ത് ഇതിന് ഉദാഹരണങ്ങള്‍ പലതുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമായതാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഭാരതത്തിനു സ്ഥിരാംഗത്വം നല്‍കണമെന്നു ഫ്രാന്‍സിനു പിന്നാലെ ബ്രിട്ടനും ആവശ്യപ്പെട്ടത്. ഉക്രൈന് യുദ്ധം അടക്കം രാജ്യാന്തര സംഘര്‍ഷ വിഷയങ്ങളില്‍ റഷ്യയും അമേരിക്കയും അടക്കമുള്ള വന്‍ ശക്തികള്‍പോലും ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നതിന്റെ തുടര്‍ച്ചയായി വേണം ഇതിനേ കാണാന്‍. അര്‍ഹമായ ആ സ്ഥാനത്ത് ഭാരതത്തിന് എത്താനായാല് രാജ്യാന്തര സമൂഹത്തിനായിരിക്കും അതിന്റെ ഏറ്റവും വലിയ നേട്ടം. കാരണം, ഭരതത്തിന്റെ സാംസ്കാരിക തനിമ വിരല്‍ ചൂണ്ടുന്നത് ആഗോള സൗഹൃദത്തിലേക്കാണ്.
ഭീകരതയ്ക്കെതിരെ അന്താരഷ്ട തലത്തിലുള്ള പോരാട്ടത്തിന്റെ കാര്യത്തിലും ഭാരതത്തിന്റെ വാക്കുകള്‍ക്കാണു ലോകം വിലകല്പിക്കുന്നത്. തീവ്രവാദത്തിന്റെ ഭീകര മുഖത്തിനു മുന്നില്‍ രാജ്യാന്തര സമൂഹം പകച്ചു നില്ക്കുമ്പോള് അതിനെ ഫലപ്രദമായി നേരിടുന്ന ചരിത്രമാണ് ഭാരതത്തിനുള്ളത്. അഴിമതിക്കെതിരായ നമ്മുടെ പോരാട്ടം രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ സൂചനകളും കണ്ടു തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ നിയമ നിര്‍വഹണ അതോറിറ്റിയുടെ ഗ്ളോബ് ഇ നെറ്റ് വര്‍ക്കിന്റെ 15 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലേ്ക്കു ഭാരതം തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെയൊക്കെ തുടര്‍ച്ചയായിക്കാണാം. അഴിമതിക്കെതിരേയും ആസ്തി വീണ്ടെടുക്കലിനുമുള്ള ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇനി ഭാരതത്തിനു കാര്യമായ പങ്കു വഹിക്കാനാകും.
രാജ്യത്തിന്റെ സമ്പൂര്‍ണ വികസനക്കുതിപ്പിന്റെ പ്രതിഫലനമാണ് രാജ്യാന്തര രംഗത്തെ ഈ അംഗീകാരങ്ങള്‍ സൂചിപ്പിക്കുന്നത്. വിഭിന്ന മേഖലകളില്‍ ഒരേ സമയം ഒരുപോലെ നേട്ടം കൈവരിക്കുന്നതാണ് യഥാര്‍ത്ഥ വികസനം എന്ന ഭാരതത്തിന്റെ കാഴ്ചപ്പാട്, രാജ്യത്ത് കൊണ്ടുവരുന്ന മാറ്റം വികസിത ഭാരതത്തിലേ്ക്കുള്ള മുന്നേറ്റത്തിന്റെ സൂചനയാണ്. ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളില്‍ ജപ്പാനെ പിന്തള്ളി ഭാരതം മൂന്നാം സ്ഥാനത്തെത്തിയത് സൂചിപ്പിക്കുന്നതും നാം ആര്‍ജിക്കുന്ന കരുത്ത് തന്നെയാണ്. അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രം പിന്നിലാണ് ഭാരതം. റഷ്യയാകട്ടെ അഞ്ചാം സ്ഥാനത്തു നിന്ന് ആറാമത്തേയ്ക്കു പിന്തള്ളപ്പെടുകയും ചെയ്തു. സൈനിക ശേഷി, പ്രതിരോധം, നയതന്ത്രം, സാംസ്കാരിക സ്വാധീനം തുടങ്ങിയവ പരിഗണിച്ചാണ് ഇതിന്റെ സ്ഥാനക്രമം നിശ്ചയിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്ന ചരിത്രം മാത്രമുണ്ടായിരുന്ന ഭാരതം ഇപ്പോള്‍ ആയുധ വില്പനയിലും രാജ്യാന്തര രംഗത്ത് ചലനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണല്ലോ. യൂറോപ്പിന് യന്ത്രത്തോക്കുകള്‍ വില്‍ക്കുന്ന നിലയിലേയ്ക്ക് നാം വളര്‍ന്നു കഴിഞ്ഞു. അത്യാധുനിക സംവിധാനത്തോടെയുള്ള യന്ത്രത്തോക്കുകള്‍ വാങ്ങാന്‍ ഒരു യൂറോപ്യന്‍ കമ്പനി ഭാരതവുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യം തന്നെ. ആഗോള ലോക്കോ മോട്ടീവ് നിര്‍മാണ വ്യാപാര രംഗത്തേയ്ക്കും കാല് വയ്ക്കുകയാണ് ഭാരതം. ബിഹാറിലെ മര്‍ഹോറ പ്ലാന്റില്‍ നിന്നുള്ള ലോക്കോ മോട്ടീവുകള്‍ ആഫ്രിക്കയിലേയ്ക്കു കയറ്റി അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. റയില്‍വേയുടേയും വാബ്ടെക്കിന്റേയും സംയുക്ത സംരംഭമാണിത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ച പരം രുദ്ര സൂപ്പര്‍ കംപ്യൂട്ടറുകള്‍ ആഭ്യന്തര സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ പുതിയ നാഴികക്കല്ലാണ്. ഡിജിറ്റല്‍ യുഗത്തില്‍ ആഗോള നേതാവാകാനുള്ള ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ കാല്‍വയ്പ്പായി ഇതിനെ കാണാം. അത്യാധുനിക സൗകര്യങ്ങളും ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുമാണ് ഇതിന്റെ പ്രത്യേകതകള്‍. ആഭ്യന്തരമായ നിര്‍മാണ, വ്യാപാര, വികസന മേഖലകളില്‍ ഊന്നിനിന്ന് രാജ്യാന്തര രംഗത്തു ചുവടുറപ്പിക്കാനുള്ള ആസൂത്രിതമായതും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ നീക്കമാണ് ഭാരതത്തിന്റേത്. നയതന്ത്ര മികവും പ്രതിരോധ ശേഷിയും വ്യക്തമായ കാഴ്ച്ചപ്പാടും, ആഗോളതലത്തിലെ അംഗീകാരത്തിന് സുപ്രധാനമാണ്. ആ നിലയിലേയ്്ക്കാണ് ഭാരതം ഓരോചുവടും വച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: