അമൃതപുരി : നിര്‍ഭയത്വത്തില്‍ നിന്നാണ് യഥാര്‍ത്ഥ സ്‌നേഹം ജനിക്കുന്നതെന്നും ആ സ്‌നേഹത്തില്‍ നിന്നാണ് നന്മയുടെ തിളക്കമുള്ള സൃഷ്ടികള്‍ ഉണ്ടാകുന്നതെന്നും മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാര്‍ത്ഥതയെന്നത് ഭയമാണ്. അതു നമ്മുടെ ഊര്‍ജ്ജത്തെ മുഴുവന്‍ ഊറ്റികുടിച്ച് നമ്മെ തളര്‍ത്തി ബലഹീനരും നിmഹായരുമാക്കും. യുദ്ധങ്ങളുടെയും അവസാനമില്ലാത്ത പക പോക്കലിന്റെയും തുടര്‍ക്കഥയ്‌ക്ക് പകരം ക്ഷമയുടെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭാവവും പ്രവൃത്തിയും എല്ലായിടത്തുനിന്നും ഉയരട്ടെ.
മതവിദ്വേഷത്തിന്റെയും വംശഹത്യയുടെയും കലുഷിതമായ അന്തരീക്ഷത്തിന് പകരം വിശാലതയുടെയും കാരുണ്യത്തിന്റെയും ശബ്ദവും പ്രവൃത്തിയും എല്ലാ ഭാഗത്തു നിന്നും ഉയരട്ടെ. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വെമ്പലില്‍ നമ്മുടെയും ഉറ്റവരുടെയും പ്രാണനും സ്വത്തും സര്‍വസ്വവും നഷ്ടമാക്കുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരില്‍ നിന്നും ജാഗ്രത ഉണ്ടാകട്ടെ. സഹജീവികള്‍ വേദനിക്കുമ്പോഴും കഷ്ടപ്പെടുമ്പോഴും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും കരങ്ങള്‍ എല്ലാവരില്‍ നിന്നും നീളട്ടെ.
ആരും സ്വയം വിമര്‍ശിക്കാനും ആത്മപരിശോധനയിലൂടെ സ്വന്തം കര്‍മ്മങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്തുവാനും തയാറാകുന്നില്ല. ഇതു കാരണം, മറ്റുള്ളവരെ സ്‌നേഹപൂര്‍വം പരിഗണിക്കാനോ, പ്രകൃതിയെ ആദരവോടെ സംരക്ഷിക്കാനോ നമുക്കു സാധിക്കുന്നില്ല. ലോകം അപകടനിലയിലേക്കു നീങ്ങുന്നു എന്നതിനെ കുറിച്ചുള്ള വിവരശേഖരണം ധാരാളമായി നടക്കുന്നുണ്ട്്. എന്നാല്‍, വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ അത്രയും ജാഗ്രത നമ്മള്‍ കാട്ടുന്നില്ല. ”കാര്യങ്ങള്‍ ഗുരുതരമാണു. പക്ഷെ, കുഴപ്പമില്ല” എന്നതാണു നമ്മുടെ നിലപാട്.
ഒരുവശത്ത് നമ്മള്‍ സത്യം ന്യായം എന്നിവയെ കുറിച്ച് ഗംഭീര പ്രസംഗങ്ങള്‍ നടത്തും. മറുവശത്ത് അതേ മൂല്യങ്ങള്‍ കാറ്റില്‍ പറത്തും. ഒരു വശത്ത് , നമ്മള്‍ മദ്യവും പുകയിലയും മാരകമായ രോഗങ്ങളുണ്ടാക്കുമെന്നു പരസ്യംചെയ്യും. മറുവശത്ത് ജിഡിപി വര്‍ദ്ധിപ്പിക്കാന്‍ അവയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. തീര്‍ച്ചയായും ജി.ഡി.പി പ്രധാനമാണ്. പക്ഷെ, ലോകത്തിന്റെയും പ്രകൃതിയുടേയും നിലനില്‍പ്പും ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും അതിനേക്കാള്‍ എത്രയോ പ്രധാനമാണ്. അതുകൊണ്ട് ഒരു സന്തുലിതാവസ്ഥ പ്രാവര്‍ത്തികമാക്കിയേ പറ്റൂവെന്ന് മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: