Sports

കണ്ണ് കെട്ടിക്കളിച്ച ഗുകേഷ് സ്പോര്‍ട്സ് മന്ത്രിയെ ഞെട്ടിച്ചു; ലോക ചെസ് കിരീടം ഗുകേഷ് അനായാസം നേടുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍

ചൈനീസ് താരം ഡിങ്ങ് ലിറനുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കാരനായ ഗുകേഷിന് അനുഭവ പരിചയം കുറവാണ്. പക്ഷെ ലോക എട്ടാം നമ്പര്‍ താരമായ ഗുകേഷിന്‍റെ റേറ്റിംഗ് 2764 ആണെങ്കില്‍ ഡിങ്ങ് ലിറന്‍ ലോക റാങ്കിംഗില്‍ 15ാമതാണ്. അദ്ദേഹത്തിന്‍റെ റേറ്റിംഗ് വെറും 2736 മാത്രമാണ്.

ന്യൂദല്‍ഹി: കണ്ണ് കെട്ടിക്കളിച്ച ചെസ്സ് താരം ഡി. ഗുകേഷ് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി മന്‍സുഖ് മണ്ഡവീയയെ ഏതാനും നീക്കങ്ങളില്‍  തോല‍്പിച്ചപ്പോള്‍ മന്ത്രി  ഞെട്ടി. അകക്കണ്ണ് കൊണ്ട് കളികാണുന്ന ഗുകേഷിന്റെ മിടുക്ക് അപാരമെന്ന് കേന്ദ്രമന്ത്രി. .

“ചെസ് ചാമ്പ്യന്മാരുമായി കളിച്ചു. കണ്ണുകെട്ടിക്കളിച്ചാലും അവരുടെ നീക്കങ്ങള്‍ നിങ്ങളെ തോല്‍പിക്കും”- ഗുകേഷുമായി തനിക്കുണ്ടായ അനുഭവം മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. നവമ്പറില്‍ സിംഗപ്പൂരില്‍ ലോകചെസ് കിരീടത്തിനു വേണ്ടി ആരംഭിക്കുന്ന ഗുകേഷ് – ഡിങ്ങ് ലിറന്‍ പോരാട്ടത്തില്‍   കൂടുതല്‍ സാധ്യത ഇന്ത്യയുടെ ഗുകേഷിനാണെന്നാണ് ചെസ്സ് വിദഗ്ധരുടെ പ്രവചനം. എതിരാളിയായ ഇപ്പോഴത്തെ ലോകചാമ്പ്യന്‍ ചൈനയുടെ  ഡിങ്ങ് ലിറന് തന്റെ കിരീടം നിലനിര്‍ത്താനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

കഴിഞ്ഞ ദിവസം ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഒന്നാം ബോര്‍ഡില്‍ ഗുകേഷിനെ തന്നെ ഇറക്കിയപ്പോള്‍ ചൈന ഒന്നാം ബോര്‍ഡില്‍ ഗുകേഷിനെതിരെ ഡിങ്ങ് ലിറനെ ഇറക്കിയില്ല. പകരം അവര്‍ ഡിങ്ങ് ലിറന് വിശ്രമം നല്‍കുകയായിരുന്നു. ഗുകേഷിനോട് തോറ്റാല്‍ നവമ്പറില്‍ നടക്കാന്‍ പോകുന്ന ലോകകിരീട്ടപ്പോരാട്ടത്തിന്റെ നിറം മങ്ങുമെന്നും ഡിങ്ങ് ലിറന്റെ മാറ്റ് കുറയുമെന്നും എന്ന് ഭയന്നാണ് ചൈന ഡിങ്ങ് ലിറനെ ഗുകേഷിനെതിരെ ഇറക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.  അതേ സമയം ഡിങ്ങ് ലിറന്റെ ലോകകിരീടപ്പോരാട്ടത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടാതിരിക്കാന്‍കൂടിയാണ് ഡിങ്ങ് ലിറനെ മാറ്റിനിര്‍ത്തിയതെന്ന് പറയുന്നു.

എന്തായാലും ഇപ്പോഴത്തെ പ്രകടനത്തിന്റെ നിലവാരം വെച്ച് നോക്കിയാല്‍ കൂടുതല്‍ വിജയസാധ്യത ഗുകേഷിനാണ് കല്‍പിക്കപ്പെടുന്നത്. . ചെസ് ഒളിമ്പ്യാഡില്‍ ഓരോ രാജ്യത്തിന്റെയും ഏറ്റവും മികച്ച കളിക്കാര്‍ കളിക്കുന്ന ഒന്നാം ബോര്‍ഡില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച ഗുകേഷ് 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍പോലും തോറ്റില്ലെന്നത് ശ്രദ്ധേയമാണ്. അജയ്യനായ ഗ്രാന്‍റ് മാസ്റ്റര്‍ മാഗ്നസ് കാള്‍സന്‍ കൂടി പങ്കെടുത്ത ടൂര്‍ണ്ണമെന്‍റായിട്ടുപോലും ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയത് ഗുകേഷാണ്. ഇതിന്റെ പേരില്‍ ഗുകേഷ് സ്വര്‍ണ്ണമെഡലിനും അര്‍ഹനായി. ഒന്നാം ബോര്‍ഡിലെ മികച്ച പ്രകടനത്തിന് ഗുകേഷിന് 3056 എന്ന റേറ്റിംഗ് ആണ് ലഭിച്ചത്. മത്സരത്തിനിടയില്‍ ഗുകേഷ് ലോക റാങ്കിങ്ങില്‍ മൂന്നാമനായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചതും ചെസ് ഒളിമ്പ്യാഡിലെ ഇന്ത്യയുടെ തിളക്കമേറിയ അധ്യായമായി. അപകടകാരികളായ പല കളിക്കാരുമായും കളിച്ചിട്ടും ആരോടും ഗുകേഷ് തോറ്റില്ല.

ചെസില്‍ മിഡില്‍ ഗെയിമിലും എന്‍ഡ് ഗെയിമിലും പുലര്‍ത്തുന്ന അസാധാരണമായ മികവാണ് ഗുകേഷിനെ വ്യത്യസ്തനാക്കുന്നത്.ഏത് എതിരാളിയായാലും തോല്‍ക്കേണ്ടെന്ന് കരുതിയാല്‍ തോല്‍ക്കാതിരിക്കാനുള്ള കരുത്ത് ഗുകേഷിനുണ്ട്. ചൈനീസ് താരം ഡിങ്ങ് ലിറനുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കാരനായ ഗുകേഷിന് അനുഭവ പരിചയം കുറവാണ്. പക്ഷെ ലോക എട്ടാം നമ്പര്‍ താരമായ ഗുകേഷിന്റെ റേറ്റിംഗ് 2764 ആണെങ്കില്‍ ഡിങ്ങ് ലിറന്‍ ലോക റാങ്കിംഗില്‍ 15ാമതാണ്. അദ്ദേഹത്തിന്റെ റേറ്റിംഗ് വെറും 2736 മാത്രമാണ്.

ഹംഗറിയിലെ ബുഡാ പെസ്റ്റില്‍ ഈയിടെ അവസാനിച്ച ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം നേടിക്കൊടുത്തതില്‍ ഗുകേഷ് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2014ലും 2018ലും ചെസ് ഒളിമ്പ്യാഡുകളില്‍ ചൈനയെ സ്വര്‍ണ്ണത്തിലേക്ക് നയിച്ച കളിക്കാരനാണ് ഡിങ്ങ് ലിറനെങ്കിലും ഇപ്പോള്‍ ഫോം നഷ്ടപ്പെട്ട നിലയിലാണ്. എന്നാല്‍ ഡിങ്ങ് ലിറന്റെ ചൈനീസ് ടീമിന് ഒരു മെഡലും ലഭിച്ചില്ല. എന്തായാലും നവമ്പറില്‍ നടക്കുന്ന ലോക കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷ് ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഭാരതം. അതോടെ ചൈനയ്‌ക്കെതിരെ ഇന്ത്യ നേടുന്ന വലിയ വിജയമായി ഇതിനെ ഇന്ത്യക്കാര്‍ ആഘോഷിക്കുകയും ചെയ്യും.

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക