നാമക്കൽ: തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ടു പൊലീസുകാരനു പരുക്കേറ്റു.
ഇൻസ്പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.
മോഷണസംഘം സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: