ലഖ്‌നൗ : ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഭാരതത്തിന്റെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങൾ മുഖ്യ പങ്ക് വഹിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക ടൂറിസം ദിനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം മാത്രം 46 കോടിയിലധികം വിനോദസഞ്ചാരികളാണ് ഉത്തർപ്രദേശിലെ മതപരവും ആത്മീയവും പൈതൃകവുമായ പ്രദേശങ്ങൾ സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഒരുക്കിയെടുത്ത നിരവധി ആത്മീയ പാരമ്പര്യ പദ്ധതികൾ ഇതിന് മുതൽക്കൂട്ടായെന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തെ യോഗി പ്രശംസിക്കുകയും ചെയ്തു.
കൂടാതെ ഈ വിനോദസഞ്ചാരികൾ ഉത്തർപ്രദേശിലേക്ക് വരുന്നത് മൂലം സംസ്ഥാനത്ത് തൊഴിൽ മേഖല ശക്തപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന പ്രയാഗ്‌രാജ് മഹാകുംഭ് മേളയിൽ ലോകമെമ്പാടുമുള്ള 40 കോടി ഭക്തർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളെയും മുഖ്യമന്ത്രി ഉയർത്തിക്കാട്ടി. ഇന്ന് ഉത്തർപ്രദേശിൽ റോഡ്, റെയിൽ , വ്യോമ ഗതാഗത സൗകര്യങ്ങൾ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇത് സഞ്ചാരികളുടെ യാത്രയെ കൂടുതൽ ലളിതവും സുഗമമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും സെപ്റ്റംബർ 27 നാണ് ഇന്ത്യയിലും ലോകമെമ്പാടും ലോക ടൂറിസം ദിനം ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: