മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും തളളിപ്പറഞ്ഞും സി പി എം സ്വതന്ത്ര എം എല്‍ എ പി വി അന്‍വര്‍. സി പി എം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇനി പങ്കെടുക്കില്ല. ഞായറാഴ്ച നിലമ്പൂരില്‍ പൊതുയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.എം എല്‍ എ സ്ഥാനം രാജിവയ്‌ക്കുമെന്ന് കരുതേണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
പിണറായി വിജയനെ കണ്ടത് പിതാവിന്റെ സ്ഥാനത്താണെന്നും എന്നിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയെന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ തുറന്നടിച്ചു.സി പി എമ്മില്‍ അടിമത്തമാണ് നടമാടുന്നത്.മരുമകനെയും കുടുംബത്തെയും വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. എല്ലാ കാര്യങ്ങളും പറഞ്ഞു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണം.
എഡിജിപി അജിത് കുമാറിനെതിരെ ശക്തമായ തെളിവുകളാണ് താന്‍ ഡി ജി പിക്ക്
നല്‍കിയത്. ഉടന്‍ സസ്പന്‍ഡ് ചെയ്യാനുളള തെളിവുകള്‍ ഉണ്ടായിട്ടും വിജിലന്‍സ് അന്വേഷണത്തിന് ആറ് മാസം സമയം നല്‍കി.
തന്നെ കള്ളകടത്തകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.കരിപ്പൂര്‍ വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേര്‍ന്ന് എത്ര സ്വര്‍ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം.ഇതിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നുവെന്നും അന്‍വര്‍ സൂചിപ്പിച്ചു.പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമെന്ന തരത്തിലും അന്‍ വര്‍ ആരോപണമുന്നയിച്ചു.എഡിജിപി എം ആര്‍ അജിത് കുമാര്‍ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അന്‍വര്‍ ചോദിച്ചു.എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.
മുഖ്യമന്ത്രി തന്നെ സംശയ നിഴലില്‍ നിര്‍ത്തിയപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും അതുണ്ടായില്ല. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരസ്യപ്രസ്താവന വേണ്ടെന്ന് വച്ചിരുന്നു.സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചാണ് നിര്‍ദേശം മാനിച്ചത്. എന്നാല്‍ അന്വേഷണം കൃത്യമല്ലെന്ന് തനിക്ക് ബോധ്യമായി. മരംമുറി അന്വേഷണം പരിതാപകരമാണെന്നും അന്‍വര്‍ ആഞ്ഞടിച്ചു.
റിദാന്‍ വധക്കേസിലും മരംമുറി കേസിലും സ്വര്‍ണക്കടത്ത് ആരോപണങ്ങളിലും അന്വേഷണം തൃപ്തികരമല്ല. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തിയ 188 കേസുകളില്‍ 25 സ്വര്‍ണക്കടത്തുകാരോടെങ്കിലും സംസാരിച്ചാല്‍ കടത്തുസ്വര്‍ണം എവിടെ വച്ച് പിടിച്ചു, പിന്നീട് എങ്ങോട്ട് മാറ്റി എന്നൊക്കെ അറിയാനാകും. ഇത് താന്‍ ഐജിയോട് പറഞ്ഞിരുന്നു.എന്നാല്‍ ഈ നിമിഷം വരെ അങ്ങനെയൊരു അന്വേഷണം നടന്നതായി അറിവില്ലെന്നും അന്‍വര്‍ പറയുന്നു. നിവൃത്തിയില്ലാതെ താന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറുകയായിരുന്നു. ഇനി ഹൈക്കോടതിയില്‍ മാത്രമാണ് പ്രതീക്ഷ. താന്‍ സ്വര്‍ണകടത്തുകാരെ വിളിപ്പിച്ചും അവരെ നേരില്‍ കണ്ടും അന്വേഷിച്ചു.സ്വര്‍ണക്കടത്ത് കാരിയര്‍മാരുമായി സംസാരിക്കുന്ന വീഡിയോയും അന്‍വര്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. പിടിച്ചെടുക്കുന്ന സ്വര്‍ണം പൊലീസ് തട്ടിയെടുക്കുന്നുവെന്ന കാരിയര്‍മാര്‍ വീഡിയോയില്‍ പറയുന്നു.
കേരളത്തിന്റെ പ്രത്യേകത രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ വലിയ കേസോ മറ്റോ ഉണ്ടായാല്‍ അതില്‍ അന്വേഷണ ഫലം പുറത്തു വരില്ല എന്നതാണ്. ഈ രാഷ്‌ട്രീയ നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. പിണറായി ഭരിച്ചാല്‍ സി പി എം ഇനി ഉണ്ടാവില്ലെന്നും നല്ല സഖാക്കള്‍ തന്റെ കൂടെയാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അന്‍ വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: