അജ്മീർ ; രാജസ്ഥാനിലെ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദേവാലയത്തിനെതിരെ അജ്മീർ ജില്ലാ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. അജ്മീർ ദർഗ ശിവക്ഷേത്രമാണെന്നും അത് കൈവശപ്പെടുത്തിയാണ് ദർഗ പണിതതെന്നും ഹർജിയിൽ പറയുന്നു. ഈ സ്ഥലം ഭഗവാൻ ശ്രീ സങ്കടമോചന മഹാദേവ വിരാജ്മാൻ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ക്ഷേത്രം പുനർനിർമിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
അനധികൃത കയ്യേറ്റം നീക്കാൻ ദർഗ കമ്മിറ്റിക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദർഗയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ മറ്റൊരു ആവശ്യം. പ്രധാന കവാടത്തിന്റെ മേൽക്കൂരയുടെ രൂപകൽപ്പന ഹിന്ദു ഘടനയോട് സാമ്യമുള്ളതാണ് . ഇത് ഈ സ്ഥലം യഥാർത്ഥത്തിൽ ഒരു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇവിടുത്തെ നിലവറയിൽ ഒരു ശ്രീകോവിലിനുള്ള തെളിവുകളുണ്ടെന്നും പറയപ്പെടുന്നു.
ഒഴിഞ്ഞ ഭൂമിയിലാണ് അജ്മീർ ദർഗ നിർമ്മിച്ചതെന്നതിന് രേഖകളൊന്നും ലഭ്യമല്ലെന്ന് ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത തന്റെ ഹർജിയിൽ പറയുന്നു. ഈ സ്ഥലത്ത് മഹാദേവ ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഹിന്ദു, ജൈന ഭക്തർ അവരുടെ ദേവതകളെ ആരാധിച്ചിരുന്നതായി ചരിത്രപരമായ വിവരണങ്ങൾ സൂചിപ്പിക്കുന്നു. ഇവിടെ ഹിന്ദുക്കൾ ശിവഭഗവാന് ജലാഭിഷേകം നടത്തിയിരുന്നതായും തെളിവുകളുണ്ട് .അഭിഭാഷകനായ ശശി രഞ്ജൻ കുമാർ സിംഗ് മുഖേനയാണ് വിഷ്ണു ഗുപ്ത കേസ് ഫയൽ ചെയ്തത്. കേസിൽ വാദം ഒക്ടോബർ 10ന് നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: