കോട്ടയം: മെഡി. കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ മലപ്പുറം സ്വദേശി അമല്‍ (5) മരിച്ചതിനുശേഷം ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചതില്‍ പരക്കെ ആക്ഷേപം.
ഒരു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അമല്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്. എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നു. 50 ദിവസത്തോളം സൂപ്രണ്ട് അടക്കം ഡോക്ടര്‍മാരുടെ സംഘം ദിവസേന മെഡിക്കല്‍ കോളജിലെത്തി കുട്ടിയെ പരിചരിക്കുമായിരുന്നു.
കരള്‍ മാറ്റി വച്ചിരുന്നെങ്കിലും, തലയ്ക്കകത്ത് രക്തസ്രാവവും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുട്ടിക്ക് ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് കുട്ടിയെ എറണാകുളം അമൃതയിലേക്ക് മാറ്റുകയായിരുന്നു. അമൃതയില്‍ ചികിത്സയില്‍ കഴിയവേ ഒരാഴ്ചമുമ്പ് അമല്‍ മരണത്തിനു കീഴടങ്ങി.
രോഗി മരണപ്പെട്ട ശേഷം കരള്‍ മാറ്റിവച്ച ഡോക്ടറെ മന്ത്രി അഭിനന്ദിക്കുന്നത് എന്തിനാണെന്നാണ് വിമര്‍ശകരുടെ ചോദ്യം.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടന യോഗത്തിലാണ് വിവിധ മേഖലകളിലെ പ്രഗത്ഭരെ അനുമോദിക്കുന്ന ചടങ്ങു നടന്നത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കരള്‍ മാറ്റിവെച്ച് വിജയിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍ ആയിരുന്നതിനാലാണ് അതിന് നേതൃത്വം നല്കിയ ഡോക്ടര്‍മാരെ അഭിനന്ദിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: