കഥ
മമ്മുട്ടിയുടെ തട്ടുകട
ജോണ്‍ കോര
ചന്ദ്രന്റെ ആലസ്യത്തില്‍ നിന്നും സൂര്യന്റെ തെളിച്ചത്തിലേക്ക് ഉറക്കമുണരുന്ന പ്രഭാതം. സ്വപ്നങ്ങളുടെ രാത്രി കഴിഞ്ഞ് പ്രതീക്ഷകളുടെ പുതിയ ദിനം. പ്രതീക്ഷകളുടെ വഴികാട്ടിയായി തെക്കു വടക്കു ദേശങ്ങളെ കൂട്ടി യോജിപ്പിച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്ന ദേശീയ പാത. വിഭിന്ന സംസ്കാരങ്ങളും ഭാഷാഭേദങ്ങളും സ്വഭാവ സവിശേഷതകളുമായി പരസ്പരം കണ്ടും കാണാതെയും വാഹനങ്ങളില്‍ ചീറി പായുന്ന മനുഷ്യര്‍. വേഗതയെപ്പറ്റി ചിന്തിക്കാതെ, സ്വന്ത ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ശരവേഗത്തില്‍ പോകുന്ന വാഹനങ്ങളെ പേടിച്ച് ഒതുങ്ങി പോകുന്ന കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായ മനുഷ്യര്‍.ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയവരും ജീവന് നിലനിര്‍ത്താന്‍ ഭിക്ഷാടനത്തിലേക്ക് വീണവരുമായ മനുഷ്യര്‍. അങ്ങനെ എത്രയോ ഭാഗ്യവാന്മാരും നിര്ഭാഗ്യവാന്മാരുമായ മനുഷ്യ ജന്മങ്ങള് എന്റെ കടയെ ശ്രദ്ധിക്കുന്നുണ്ടാവാം. അതില്‍ കുറച്ചു പേര് ദേശീയപാ
തയോരത്തെ എന്റെ ചെറിയ തട്ടുകടയില്‍ എത്തുകയും ചെയ്യുന്നുണ്ട്. ഭക്ഷണം തേടി വരുന്നവര്‍ മാത്രമല്ല, വഴിയന്വേഷിച്ച് തിരക്ക് കൂട്ടുന്നവരെയും ഞാന്‍ ആശ്വസിപ്പിക്കണം.
ഈ ഞാന്‍ ആരെന്നല്ലേ ?ആരുമല്ല! തീരെ പാവമല്ലാത്ത ഒരു സാധാരണക്കാരന് മാത്രം എന്ന് ഞാന്‍ പറയും. തട്ടുകട മുതലാളിയെന്നോ തൊഴിലാളിയെന്നോ നിങ്ങളുടെ ഇഷ്ടമനുസരിച്ച് വിളിച്ചാല്‍ പരാതിയുമില്ല. ജനിച്ചപ്പോള്‍ എനിക്ക് കിട്ടിയ പേര് കൃഷ്ണന്‍കുട്ടി എന്ന ഒരു സാധാരണ പേര്.പഠിക്കാന്‍ വളരെ മിടുക്കനായിരുന്നതുകൊണ്ടും വീട്ടില്‍ നല്ല സാമ്പത്തികമുണ്ടായിരുന്നതിനാലും പത്താം ക്ലാസ് പൂര്‍ത്തിയാക്കാനായില്ല എന്നതാണ് പരമമായ സത്യം. ജീവിക്കണമെന്നാഗ്രഹമുണ്ടായിരുന്നതിനാല് ചെറുപ്പത്തിലേ കിട്ടിയ പണികളൊക്കെ ചെയ്തു. ഇപ്പോ ഒരു തട്ടുകടയുമായി മല്ലടിച്ചു ജീവിക്കുന്നു. ദേശീയപാതയോരത്തുള്ള മമ്മൂട്ടിയുടെ തട്ടുകടയില്‍ പണിയെടുക്കുന്നുവെന്നുള്ള അഹങ്കാരമൊന്നും എനിക്കില്ല താനും.എന്റെയും വീട്ടുകാരുടെയും കാര്യങ്ങള്‍ നടക്കണം, അത്രമാത്രം.
ഞാനെന്തിനാ ഇത്ര പരത്തി പറയുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടല്ലേ ? ചപ്പാത്തി പരത്തിയും മലയാളിയുടെ ദേശീയ ഭക്ഷണമായ പെറോട്ട അടിച്ചും ജീവിക്കുന്നതു കൊണ്ടല്ല, എന്റെ സംസാരരീതി ഇങ്ങനെയായതുകൊണ്ടു മാത്രവുമല്ല. നേരം വെളുത്ത് തട്ടുകട തുറന്നിട്ടിത്രയും സമയമായിട്ടും ഇന്ന് കച്ചവടം പതിവുപോലെ തിരക്കായില്ല എന്നതു തന്നെ പ്രധാനം.
പത്താളു കേറിയാ പിന്നെ ഇതിനു വല്ലോം സമയമുണ്ടോ ?
തിരക്കാവുന്നതുവരെ ഇനിയും നിങ്ങളെന്നേ സഹിക്കേണ്ടി വരും.
ഇതുവരെ പറഞ്ഞതിന്റെ ബാക്കി പൂര്ത്തീയാക്കണമല്ലോ, അല്ലേ ? കഷ്ടപ്പെട്ടു ജീവിക്കുമ്പോഴും ഞാനൊരു തനി സിനിമാ ഭ്രാന്തന് ആയിരുന്നുവെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ കണ്ട് വളര്‍ന്ന ബാല്യ, കൗമാരകാലം. ഒരു പടിക്ക് ആരാധന കൂടുതല്‍ മമ്മൂട്ടിയോടായിരുന്നോ എന്നൊരു സംശയം മാത്രം ബാക്കി. ഏത് തിരക്കിനിടയിലും തിരക്കില്ലാത്തപ്പോഴും സ്വന്തം പോക്കറ്റില്‍ ചില്ലറ പോലുമില്ലാത്തപ്പോഴും എങ്ങനെയെങ്കിലും റിലീസ് ദിവസം തന്നെ മമ്മൂട്ടി പടം കണ്ടില്ലെങ്കില്‍ എന്തോ കുറവു പോലെയായിരുന്ന കാലം. എന്തായാലും നാട്ടിലെനിക്ക് മമ്മൂട്ടി കൃഷ്ണന് എന്ന പേരു വീണു. പിന്നെ പിന്നെ അതു ചുരുങ്ങി മമ്മൂട്ടി മാത്രവുമായി.
കൃഷ്ണന്‍കുട്ടി എന്ന പേര് ഞാന്‍ പോലും മറന്നു തുടങ്ങിയിരുന്നു. ആ കാലത്ത് അമ്മ മാത്രമായിരുന്നിരിക്കണം എന്നെ കൃഷ്ണന്‍കുട്ടി എന്ന് വിളിച്ചിരുന്നതെന്നാണ് ഓര്‍മ്മ.
പിന്നെ കല്യാണം കഴിച്ചു. കുടുംബമായി. എന്നാലും മമ്മൂട്ടി എന്നെ വിട്ടു പോയില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുകയാണ് ചെയ്തത്.ഭാര്യയ്ക്കും സന്തോഷം, മമ്മൂട്ടി ഭര്‍ത്താവാണെന്നു പറയുന്നില് അഭിമാനവും.
അങ്ങനെയുള്ള ഞാന്‍ ഒരു വലിയ ബിസിനസ് തുടങ്ങുമ്പോള്‍ മനസിലെങ്കിലും അനുവാദം ചോദിച്ച് മമ്മൂക്കയുടെ പേര് ഇട്ടില്ലെങ്കില്‍ നാട്ടുകാരെന്തു പറയും.
ഇപ്പോ മനസിലായില്ലേ ഇത്രേം പരത്തി പറഞ്ഞതിന്റെ ഉദ്ദേശം. എന്റെ ഉദ്ദേശശുദ്ധിയില്‍ നിങ്ങള്‍ക്ക് സംശയമില്ലെന്നറിയാം, എങ്കിലും പറഞ്ഞെന്നേയുള്ളൂ. എന്തായാലും മമ്മൂക്ക പേരുദോഷം വരുത്തിയില്ല. ഞാന്‍ ചെയ്ത മറ്റെല്ലാ പണികളെക്കാളും ഹിറ്റായി മാറി ഈ തട്ടുകട. നൂറു കോടി ക്ലബില്‍ ഒന്നും കയറിയില്ലെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കാനും
വീട്ടുകാരെ പട്ടിണിക്കിടാതെ കഴിയാനും പറ്റുന്നുണ്ട്. ഇത്തിരി സമ്പാദ്യവും മിച്ചമുണ്ട്. സ്ഥലവും സമയവും ഒത്തുവന്നാല്‍ ഒരു കട കൂടി തുടങ്ങാനും പ്ലാന്‍ ഉണ്ടെന്നു വച്ചോ.
ഇനി ചെറിയ ഒരു ഇടവേള ആയാലോ ? കാരണം കടയില്‍ തിരക്കായി തുടങ്ങി.
‘ആ, അവിടെന്താ വേണ്ടത് ? നല്ല ചൂട് പെറോട്ടയും ചിക്കനും എടുക്കട്ടെ ?അതോ സാമ്പാറും തേങ്ങാ ചമ്മന്തിയും കൂട്ടി രണ്ട് തട്ടു ദോശയായാല്ലോ ?’
ഏതാണ്ട് എല്ലാ മേശയിലും ആളായി, എന്റെ കൈക്കാരു പിള്ളാരും ഓടി നടന്നു വിളമ്പാന്‍ തുടങ്ങി.
തട്ടുകടയുടെ വാതില്ക്കല് ഏതോ ഒരു വലിയ കാര്‍ എത്തിയിരിക്കുന്നല്ലോ ?ഓ, വഴി ചോദിക്കാനായിരിക്കും. ഏതോ പത്രാസുകാരനാണെന്നു തോന്നുന്നു, ഡോറിന്റെ ഗ്ലാസ് പോലും താഴ്ത്തുന്നില്ല. ചിലരങ്ങനെയാ, നമ്മളങ്ങോട്ടു ചെല്ലണം, വഴി പറഞ്ഞു കൊടുക്കേണ്ട ആവശ്യം നമ്മുടേതല്ലേ ? ‘വലിയ ഗമക്കാരനാണെങ്കില് അവിടെയിരിക്കട്ടെ ‘ ഞാന്‍ മനസില്‍ കരുതി.
അപ്പോളതാ ഡ്രൈവര്‍ ഇറങ്ങി കാറിന്റെ ഡോര്‍ തുറക്കുന്നു. ഇറങ്ങി വരുന്ന ആളിനെ കണ്ട് കടയിലുണ്ടായിരുന്നവരെല്ലാം അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടയും എഴുന്നേല്ക്കുന്നു. അപ്പോഴാണ് ആഗതനെ ഞാന്‍ ശ്രദ്ധിക്കുന്നത്. കടയിലുയരുന്ന ആരവത്തിനിടയിലൂടെ അതാ ലാലേട്ടന് എന്ന സാക്ഷാല്‍ മോഹന്‍ലാല്‍ കടന്നു വരുന്നു. അത്ഭുതപരവശനായി ഞാന്‍ എഴുന്നേറ്റു നിന്നു. എന്തു ചെയ്യണമെന്നറിയാത്ത നിമിഷങ്ങള്‍. സ്വപ്നങ്ങള്‍ക്കുമപ്പുറമുള്ള യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ തരിച്ചു നിന്നു.
‘ആരാണ് കൃഷ്ണന് ?’ പ്രേക്ഷകലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ലാലേട്ടന്റെ ശബ്ദം.ആ മഹാപ്രതിഭ എന്റെ അടുക്കല്‍, പാവപ്പെട്ടവന്റ തട്ടുകടയില്‍. വിറച്ച കൈകള്‍ കൂപ്പി പിടിച്ചു നിന്ന ഈ പാവം കൃഷ്ണന്റെ തോളോട് ചേര്‍ന്ന് സാക്ഷാല്‍ മോഹന്‍ലാല്‍. കൂടെയുള്ള അംഗരക്ഷകന്മാരുടെ മനുഷ്യമതിലിനോടു ചേര്‍ന്ന് കടയില്‍ ഇതുവരെ കാണാത്ത ജനക്കൂട്ടം.ആരാധകവൃന്ദത്തിനു നടുവില്‍ തിടമ്പേറ്റിയ ഗജരാജനു തുല്യം തലയെടുപ്പോടെ താരരാജാവ്.
‘എന്തുണ്ട് കൃഷ്ണേട്ടാ വിശേഷം, കച്ചവടമൊക്കെ അടിപൊളിയല്ലേ ?’ ലാലേട്ടന് ചോദിക്കുന്നു. എന്തു പറയണമെന്നറിയാതെ, മാനത്തു നിന്നും മണ്ണിലേക്കിറങ്ങി യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയ ഞാന്‍ നിന്നു.’എന്താ ചേട്ടാ, പേടിക്കേണ്ട ഞാന്‍ ചേട്ടനെ കാണാന്‍ വേണ്ടി മാത്രം ഇവിടെത്തിയതാ ‘
എന്നെ കാണാനോ, ഞാന്‍ അതിനു മാത്രമാര്? എന്റെ മനസ്സിലിരിപ്പ് പിടികിട്ടിയപോലെ ലാലേട്ടന് വീണ്ടും പറയുന്നു.’എന്റെ കൂട്ടുകാരന് പറഞ്ഞിട്ടാ ഞാന്‍ വന്നത്, അദ്ദേഹത്തിന്റെ തട്ടുകടയില്‍ നിന്ന് നല്ല നാടന്‍ ഭക്ഷണം കഴിക്കാന്‍.”
ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്, ഞാന്‍ വീണ്ടും കണ്‍ഫ്യൂഷനിലായി.
‘ മമ്മൂക്കയല്ലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, അപ്പോ പിന്നെ അദ്ദേഹത്തിന്റെ തട്ടുകടയിലെ രുചി ഞാനുമറിയണ്ടേ എന്റെ കൃഷ്ണാ ?’
‘അയ്യോ ഞാന്‍ അങ്ങനെയൊന്നും പ്രതീക്ഷിച്ചല്ല കടയ്ക്ക് പേരിട്ടത്, നാട്ടുകാര്‍ നിര്ബന്ധിച്ചപ്പോ.. ‘
ഉത്തരവാദിത്തം നാട്ടുകാരുടെ തലയില്‍ വയ്ക്കാന്‍ എന്റെ പൊട്ട ബുദ്ധിയില്‍ തോന്നിയ മറുപടി. പക്ഷേ അത് ലാലേട്ടന് മൈന്‍ഡ് ചെയ്യുന്നതേയില്ല.
‘ കുഴപ്പമില്ല ചേട്ടാ, മമ്മുക്ക ഈ കടയുടെ വിവരം ആരോ പറഞ്ഞ് അറിഞ്ഞിരുന്നു.ഇങ്ങോട്ട് വരാനും ഇരിക്കുകയായിരുന്നു. പക്ഷേ ഇപ്പോ മമ്മുക്ക നാട്ടില്‍ ഇല്ല താനും. അപ്പോഴാണ് ഞാനീ വഴിയിലൂടെ വരുന്ന വിവരം പുള്ളി അറിഞ്ഞത്. ഇവിടെ കയറി ചേട്ടനെ കണ്ട് വരാമോ എന്ന് എന്നോടു ചോദിച്ചാല്‍ എനിക്കനുസരിക്കാതിരിക്കാന് പറ്റുമോ ? മാത്രമല്ല എനിക്കും ചേട്ടനെ കാണണ്ടേ ?’
എന്തു പറയണമെന്നറിയാതെ, പറയുന്നതെന്തും അബദ്ധമായാലോ എന്ന് ചിന്തിച്ച് മൗനം വിദ്വാനു ഭൂഷണം എന്ന ഗമയില്‍ ഞാന്‍ നിന്നു.
‘ ചേട്ടന് എനിക്കൊന്നും തരുന്നില്ലേ ? നല്ല വിശപ്പുണ്ട്.’
രണ്ടും കല്‍പ്പിച്ച് നാടന്‍ തട്ടു ദോശയും ചമ്മന്തിയും ലാലേട്ടനും കൂടെ വന്നവര്‍ക്കും വിളമ്പി. ഒപ്പം ചൂട് ഓംലെറ്റും ചായയും നല്കി.
കടയില്‍ വന്ന ബാക്കിയെല്ലാവരുടെയും കാര്യം ഞാന്‍ മറന്നു ,പിന്നേ മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് വന്ന അവസ്ഥയില്‍ ഞാന്‍ നിക്കുമ്പോഴാ മറ്റുള്ളവരെ ഓര്‍ക്കാന്‍ നേരം.
‘ അടിപൊളി ടേസ്റ്റ് ‘ ലാലേട്ടന്റെ കമന്റ് വന്നപ്പോള്‍ ഞാന്‍ വീണ്ടും ഭൂമിയിലായി. അപ്പോഴാണ് ഞാന്‍ കടയ്ക്ക് മുന്നിലേക്ക് ശ്രദ്ധിക്കുന്നത്. കടയ്ക്ക് മുമ്പില്‍ വലിയ ആള്‍ക്കൂട്ടം ഒപ്പം വലിയ ആരവവും കേള്‍ക്കാം. ദേശീയ പാതയില്‍ ചെറിയ ഒരു ട്രാഫിക് ബ്ലോക്കും ഉണ്ടെന്ന് തോന്നുന്നു.
‘ എന്നാ ചേട്ടാ ഞങ്ങളിറങ്ങട്ടെ, അധികം താമസിയാതെ മമ്മൂക്കയും ഫാമിലിയും ചേട്ടനെ കാണാന്‍ വരും ,ഇതേ ടേസ്റ്റില്‍ ഫുഡ് റഡിയാക്കി വച്ചോ ?’
‘ചേട്ടന്റെ വീട്ടുകാരെയും പരിചയപ്പെടണമെന്നാ പറഞ്ഞിരിക്കുന്നത്. ‘
അപ്പോഴാണ് എന്റെ ഭാര്യയെയും മക്കളെയും പോലും ലാലേട്ടനെ പരിചയപ്പെടുത്തിയില്ലല്ലോ എന്നോര്‍ത്തത്. എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞു. അതാ അവരും ആള്‍ക്കൂട്ടത്തിനൊപ്പം വിവശരായി നില്ക്കുന്നു. പാവങ്ങള്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു, വേറെ ലോകത്തായിരുന്നതു കൊണ്ട് ഞാന്‍ കേട്ടില്ലെന്നു മാത്രം.
‘ ലാലേട്ടാ എന്റെ ഫാമിലിയുടെ കൂടെ ഒരു ഫോട്ടോ ?’
‘ഓ, അതിനെന്താ.’ ലാലേട്ടനും എന്റെ ഫാമിലിയുമൊരുമിച്ചുള്ള സെല്‍ഫി ഇളയ മകന് എടുത്തു. ഞാനും ഭാര്യയും ഇത്തിരി അഹങ്കാരത്തോടെ ലാലേട്ടനൊപ്പം നില്ക്കുന്ന പടം വേറെ ആരൊക്കയോ പകര്‍ത്തുന്നുണ്ട്. അവര്‍ക്കു വേണ്ടത് മോഹന്‍ലാലിന്റെ ചിത്രം മാത്രമാവാം, പക്ഷേ എനിക്കു കരുതാമല്ലോ അവര്‍ എന്റെ കൂടി പടം അസൂയയോടെ പകര്‍ത്തിയെന്ന്.
ഏതായാലും പറഞ്ഞു തീരുന്നതിനിടയില്‍ ലാലേട്ടനും പരിവാരങ്ങളുമിറങ്ങി. ആരവമൊഴിഞ്ഞ ഉത്സവ പറമ്പു പോലെ മമ്മൂട്ടിയുടെ തട്ടുകട മാറി.
വലിയ പൂരത്തിന് കൊടിയേറിയ മനസുമായി ഞാനും കുടുംബവും മാത്രം കടയില്‍ ബാക്കിയായി.
‘ മമ്മൂട്ടിയും കുടുംബവും പിന്നീട് ഒരു ദിവസം വരും” ലാലേട്ടന്റെ ആ താളാത്മകമായ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി നില്ക്കുന്ന നിമിഷങ്ങള്‍. ലാലേട്ടന്, മമ്മൂക്ക പിന്നെ ദുല്‍ഖറും ഈ പാവപ്പെട്ടവന്റെ കടയിലേക്ക്. അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഇനി
ഞാന്‍ തുടങ്ങുന്ന പുതിയ കടയ്ക്ക് എന്ത് പേരിടണം?
എന്റെ മനോവിചാരം മനസിലാക്കിയ ഭാര്യ ചോദിച്ചു, ‘ നമ്മുടെ പുതിയ കട ലാലേട്ടന്റെ പേരില്‍ തുടങ്ങിയാലോ?’
‘ദുല്‍ഖറിന്റെ പേരിട്ടാല്‍ എന്താ കുഴപ്പം ? ‘മകന്റെ ചോദ്യം. എന്തായാലും പുതിയ രണ്ടു കട തുടങ്ങേണ്ടി വരും എന്നു തോന്നുന്നു. അതോ മൂന്നു കട തുറക്കേണ്ടി വരുമോ?,
പ്രണവുമുണ്ടല്ലോ.
എന്റെ ചിന്തകള്‍ തുടരവേ മാനമിരുണ്ടു, ശക്തമായ കാറ്റുമടിച്ചു, അന്തരീക്ഷമാകെ മാറി. കാര്‍മേഘങ്ങള്‍ ആരോടോ പക തീര്‍ക്കുന്നതു പോലെ ശക്തമായ മഴയായി.
ആഞ്ഞടിച്ച കാറ്റ് സ്വതവേ ദുര്‍ബലയായ എന്റെ കടയെ പിടിച്ചുകുലുക്കിയോ? കലി തുള്ളി പെയ്യുന്ന കാലവര്‍ഷത്തിന്റെ കെടുതികള്‍ എന്താവുമെന്ന പേടിയില്‍ ഞാന്‍ നില്ക്കുമ്പോള് അതാ ഓടിക്കിതച്ച് ഒരാള്‍ പെരുമഴയിലുടെ കടയിലേക്ക് ഓടിക്കയറുന്നു.
നാട്ടില്‍ വീണ്ടുമെന്തോ അത്യാഹിതം സംഭവിച്ച വേദനയില്‍ ഞാന്‍ നിന്നു.
‘കൃഷ്ണേട്ടാ ഇത്തവണത്തെ കേരളാ ബമ്പര്‍ ലോട്ടറി അടിച്ചത് നിങ്ങക്കാ ”
ഓടിക്കയറി വന്നത് ലോട്ടറിക്കാരന് മത്തായി ചേട്ടനാ
ണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഞാന്‍ വേറെ ഏതോ ലോകത്തിലെത്തിയ പോലെയായി. ഒന്നും പ്രതികരിക്കാനാവാതെ, കാഴ്ചകളാകെ മങ്ങുന്ന അവസ്ഥയില്‍ വീഴാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: