Kerala

അര്‍ജുന്‍ ഓടിച്ച ലോറിയും മൃതദേഹവും കണ്ടെത്തുന്നത് കാണാതായി 72ാം ദിവസം, ലോറി കിടന്നത് 12 മീറ്റര്‍ താഴ്ചയില്‍, ഷിരൂരില്‍ വൈകാരിക നിമിഷങ്ങള്‍

നേരത്തേ അടയാളപ്പെടുത്തിയ സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്

Published by

ഷിരൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയത് ഗംഗാവലി പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍. കാണാതായി 72ാം ദിവസാണ് ലോറിയും അതിനുളളില്‍ മൃതദേഹവും കണ്ടെത്തിയത്.

രാവിലെ ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍മാര്‍ നദിക്കടിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതില്‍ വടം കൊളുത്തിയിട്ടിരുന്നു.എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ അത് മുകളിലേക്ക് ഉയര്‍ത്താനായില്ല. പിന്നീട് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ 10 മിനിട്ട് കൊണ്ട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് അര്‍ജുന്‍ ഓടിച്ച ലോറിയുടെ കാബിനാണെന്ന് വ്യക്തമായത്. ഇക്കാര്യം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. കാബിനുളളില്‍ മൃതദേഹവും ഉണ്ടായിരുന്നു.

ക്യാബിനില്‍ സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ഈ സമയത്ത് കണ്ണീരോടെ സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു. അര്‍ജുന്റെ സഹോദരനും എത്തിയിരുന്നു. സഹോദരി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടെ വീട്ടിലേക്ക് മടങ്ങി. നേരത്തേ അടയാളപ്പെടുത്തിയ സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്.

ജൂലായ്് 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ജൂലായ് 23 ന് റഡാര്‍, സോണാര്‍ സിഗ്‌നലുകളില്‍ ലോറിയുടേത് എന്ന് കരുതുന്ന ലോഹഭാഗത്തിന്റെ ശക്തമായ സിഗ്‌നലുകള്‍ കിട്ടി. നദിയുടെ നടുവില്‍ മണ്‍കൂനയ്‌ക്ക് അടുത്ത് സിപി 4 മാര്‍ക്ക് ചെയ്തു. ജൂലായ് 28 ന് ശക്തമായ മഴയും ഒഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവയ്‌ക്കണ്ടി വന്നു. ഓഗസ്റ്റ് 14 ന് രണ്ടാം ഘട്ട തെരച്ചില്‍ തുടങ്ങി.

ഓഗസ്റ്റ് 17 ന് ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഡ്രഡ്ജര്‍ കേരളത്തില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമം നടക്കില്ലെന്നുറപ്പായി. പ്രാദേശിക മുങ്ങല്‍ വിദഗ്‌ദ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും തെരച്ചിലിനിറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടില്‍ മരങ്ങളും പാറകളും വന്നടിഞ്ഞ സ്ഥിതിയിലായതിനാലും ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലും അധികം ആഴത്തിലേക്ക് പോകാനായില്ല.

പിന്നീട് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചത് ഒരു കോടിയോളം രൂപ ചെലവിട്ടാണ്. ഇതിനായി അര്‍ജുന്റെ കുടുംബാംഗങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.കേരളത്തിലെ വിവിധ രാഷ്‌ട്രീയ നേതാക്കളും കുടുംബത്തിനായി ഇടപെട്ടു.

കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴൊക്കെ സജീവമായി സ്ഥലത്തുണ്ടായിരുന്നു. ഇന്ന് ലോറിയുടെ കാബിനില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഡി എന്‍ എ പരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെത്തിയ മൃതദേഹം കാര്‍വാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക