തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വർ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനം യോഗം അംഗീകരിക്കുകയായിരുന്നു.
പി വി അന്‍വറിനെ തള്ളി പി ശശിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്‌ട്രീയ പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്‌ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിന്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: