മുംബൈ: റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ മകന് ജയ് അന്മോല് അംബാനിക്ക് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സ് വിഷയത്തില്‍ പൊതു ആവശ്യത്തിനുള്ള കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് അംഗീകാരം നല്കുമ്പോള് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന വിലയിരുത്തലിലാണ് നടപടി.
45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിലയന്‍സ് കാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്കുന്നതില് അശ്രദ്ധ കാണിച്ചതായി സെബി അന്വേഷണത്തില്‍ കണ്ടെത്തി.
റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ചീഫ് റിസ്ക് ഓഫിസറായിരുന്ന കൃഷ്ണന് ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കമ്പനിയുടെ നിക്ഷേപകരുടെ താല്പര്യങ്ങളെ മാനിക്കാതെയാണ് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ജയ് അന്മോല് വായ്പകള്‍ നല്‍കിയതെന്ന് സെബി കുറ്റപ്പെടുത്തി.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ട് പോകരുതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടും, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അന്മോല് അംബാനി പൊതു- ഉദ്ദേശ്യ കോര്‍പ്പറേറ്റ് വായ്പകള്‍ക്കോ, ജിപിസിഎല്‍ ലോണുകള്‍ക്കോ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സെബി വ്യക്തമാക്കി.
അക്യുറ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 20 കോടി രൂപ വായ്പ നല്കാന് 2019 ഫെബ്രുവരി 14 -ന് അന്മോല് അംബാനി അനുമതി നല്‍കിയിരുന്നു. 2019 ഫെബ്രുവരി 11 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുതല്‍ ജിപിസിഎല്‍ വായ്പകള്‍ നല്‍കരുതെന്ന് മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയതിനു ശേഷമായിരുന്നു ഇത്. കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അന്മോല് അംബാനി കമ്പനിയെ സ്വന്തം ദിശയിലേക്ക് കൊണ്ടുപോകുകയും, ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ റോളില്‍ അതിരുകടക്കുകയും ചെയ്തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റൊരു സംഭവത്തില്‍, അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് കഴിഞ്ഞ മാസം സെബി വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: