കെ എന്‍ ആര് നമ്പൂതിരി
ഇതെന്തൊരു കാലമാണീശ്വരാ…!
സ്ത്രീരോദനങ്ങളുടെ കാലം. സ്ത്രീ പീഡനങ്ങളുടെ കാലം. മുറിവേറ്റ പ്രകൃതിയുടെ രോദനത്തിന്റെയും പിന്നെ സംഹാരതാണ്ഡവത്തിന്റെയും കാലം. മണ്ണിനേയും പെണ്ണിനേയും മനുഷ്യന് ഉപഭോഗവസ്തുവായി കാണുന്ന കാലം. പ്രകൃതിയെ സ്ത്രീയായും സ്ത്രീയെ പ്രകൃതിയായും കണ്ട് ആദരിക്കാന്‍ പഠിപ്പിച്ച സംസ്കാരത്തിനു വന്നൊരു കാലക്കേട്! കലികാല ദോഷമെന്നു പേരിട്ട് മനുഷ്യന് അതിനൊക്കെ കാരണം കെണ്ടത്തുന്നു. പിഴച്ച കാലമെന്ന് ശപിക്കുന്നു. പിന്നെപ്പിന്നെ സ്ത്രീ ശാക്തീകരണത്തിന്റെ കാലം വന്നു. അതു പിന്നെ സത്രീയുടെ പുരുഷവല്ക്കരണമായി മാറി. പ്രകൃതി നിയമങ്ങള്‍ക്കെതിരെ മനുഷ്യന് സഞ്ചരിക്കുന്ന കാലം.
ഒരു കവിതയില്‍ വയലാര്‍ സൂചിപ്പിക്കുന്നതുപോലെ, തനിക്കുള്ളതെല്ലാം സംതൃപ്തിയോടെ മനുഷ്യന് സമര്‍പ്പിച്ചവളാണ് ഭൂമി. തന്റെ അമൂല്യമായ സമ്പത്തിനുള്ള അവകാശിയെ തേടി സഹസ്രാബ്ദങ്ങളോളം പ്രകൃതി ശൂന്യാകാശത്തില്‍ തപസ്സിരുന്നുവത്രെ. അവസാനം മനുഷ്യന്റെ കാലടി തന്നില്‍ പതിഞ്ഞപ്പോള്‍ ഭൂമി സനാഥയായായി. എല്ലാം അവനു സര്‍പ്പിക്കുമ്പോള്‍, അത് വിവേചനപൂര്‍വം ഉപയോഗിക്കുമെന്ന് പ്രകൃതി പ്രതീക്ഷിച്ചിട്ടുണ്ടാവും. ആ പ്രതീക്ഷ തെറ്റുകയും വിവേചനബുദ്ധി ആര്‍ത്തിക്കു വഴിമാറുകയും ചെയ്യുമ്പോള്‍, ഗത്യന്തരമില്ലാതെ ഭൂമി പ്രതികരിക്കും. നമ്മള് അതിനെ പ്രകൃതികോപം എന്ന് വിളിക്കും. പഴി കാലത്തിന്റെ തലയില്‍ വയ്ക്കും. പിഴച്ച കാലമെന്നു ശപിക്കും. ഈ പ്രക്രിയയുടെ മറ്റൊരു രൂപമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. സ്ത്രീയും തനിക്കുള്ളതെല്ലാം പുരുഷന് മുന്നില്‍ സമര്‍പ്പിക്കുന്നവളാണ്.
സത്യത്തില്‍, പിഴച്ചതു കാലത്തിനല്ല. മനുഷ്യന്റെ മനസ്സിനാണ്. സ്ത്രീയെ ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. അവള് എന്നും ശക്തയായിരുന്നു.
സ്ത്രീ അബലയാകുന്നതു ശാരീരികമായി മാത്രം. മനശ്ശക്തിയിലും ബുദ്ധി ശക്തിയിലും ഇന്ദ്രിയ ശക്തിയിലും സ്ത്രീ എന്നും പുരുഷന്മാര്ക്കൊപ്പം തന്നെ നിന്നിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങളിലൂടെ പുരാണങ്ങളും ചരിത്രവും ഇതിഹാസങ്ങളും അതു കാണിച്ചു തന്നിട്ടുമുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രകൃതി വീതംവച്ചതില്‍ തങ്ങള്‍ക്കു കിട്ടിയ ചുമതലകളുടെ പൂര്‍ത്തീകരണത്തിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച കരുത്തിനെ വെല്ലാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ചാരിത്ര്യശുദ്ധിയും പാതിവ്രത്യവും കുടുംബിനിയുടെ നിയോഗവും സ്ത്രീകള്‍ക്കു തപസ്യയാണ്. അത് അടിമത്വമല്ല. അതിലൂടെ ആര്‍ജിക്കുന്ന കരുത്ത് അവള്‍ക്കു നിഗ്രഹത്തിനും അനുഗ്രഹത്തിനും
ശക്തി നല്‍കും. തന്റേടമല്ല,
സന്മാര്ഗത്തില് ഉറച്ച മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് സ്ത്രീയുടെ ശക്തി. അതു
തിരിച്ചറിയുമ്പോഴാണു സ്ത്രീ കരുത്ത് ആര്‍ജിക്കുന്നത്. അര്‍ധനാരീശ്വര സങ്കല്പം
സ്ത്രീപുരുഷ സമത്വത്തിലേയ്ക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്. സ്ത്രീയ്ക്കു വേണ്ടത് അവകാശങ്ങളല്ല, പരിഗണനയും അംഗീകാരവും ആദരവുമാണ്. ഏതു പുരുഷന്റേയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടാകും എന്നു പറഞ്ഞ ഇംഗ്ലീഷുകാരും അത് അംഗീകരിച്ചു.
എന്നാല്‍, പുതിയ കാലത്തെ സ്ത്രീപക്ഷ ചിന്തകള്‍ സ്ത്രീകളെ പുരുഷന്മാരാക്കുന്ന നിലയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് അങ്ങനെയാകാതിരിക്കട്ടെ. സ്ത്രീ സ്ത്രീയും പുരുഷന് പുരുഷനുമായിത്തന്നെ ഇരിക്കട്ടെ. അതതിന്റെ പൂര്‍ണതയാണ് ഏറ്റവും വലിയ ശക്തി. കുട്ടികള്‍ക്ക് അച്ഛനും അമ്മയുമാണു വേണ്ടത്. അതാണു ലോക നിയമം. രണ്ട് അച്ഛന്മാരല്ല വേണ്ടത്. സ്ത്രീയ്ക്കു മാത്രമേ അമ്മയാകാന്‍ കഴിയൂ. അതു പ്രസവത്തിലൂടെ മാത്രം സാധിക്കുന്നതല്ലതാനും. അമ്മയാകണമെങ്കില്‍ പ്രസവിച്ചാല്‍ മാത്രം പോര, അമ്മത്തം വേണം. മാതൃത്വം ആര്ജിക്കണമെന്നര്ഥം. അതില്ലാത്തവര്‍, പ്രസവിച്ച സ്ത്രീ മാത്രമേ ആകുന്നുള്ളു. സ്ത്രീകള്‍ക്കു പ്രകൃതി നല്കിയ സിദ്ധിവിശേഷമാണു മാതൃഭാവം. തലമുറകളെ ഊട്ടിവളര്‍ത്താനുള്ള മഹത്തായ നിയോഗമാണ് അതിലൂടെ പ്രകൃതി സ്ത്രീയെ ഏല്പിച്ചിരിക്കുന്നത്. അതിനു പാകത്തിന് അവളുടെ ശരീരവും മനസ്സും ബുദ്ധിയും പാകപ്പെടുത്തി. അതിന്റെ ഭാഗമാണു സൗമ്യഭാവവും മൃദുമേനിയും വാല്‍സല്യമുള്ള മനസ്സും, ചാപല്യം എന്നു പുരുഷന്മാര് പരിഹാസപൂര്‍വ്വം വിശേഷിപ്പിക്കുന്ന, സ്വാര്‍ഥത കലര്‍ന്ന അല്പം സങ്കുചിതമായ ചിന്തകളും. അതു ചാപല്യമല്ല, പ്രകൃതിദത്തമായ സ്വഭാവവിശേഷമാണ്. അതു മക്കളുടേയും കുടുംബത്തിന്റേയും രക്ഷയ്ക്കാണ്.
പുരുഷന് ഗൗരവപൂര്‍ണമായ വലിയ കാര്യങ്ങളെ മാത്രം മനസ്സില്‍ കൊണ്ടു നടക്കുമ്പോള്‍ സ്ത്രീകള്‍ കൊച്ചുകൊച്ചുകാര്യങ്ങളെ അതേ പ്രാധാന്യത്തോടെ മനസ്സിലേറ്റും. വലിയകാര്യങ്ങളിലെ പൂര്‍ണത ഈ കൊച്ചുചിന്തകളില് തുടങ്ങുന്നു എന്ന് ഇവരിരുവരും അറിയുന്നില്ല. അറിയുന്നതു പ്രകൃതിയാണ്. അതുകൊണ്ടണ്ടുതന്നെയാവാം സ്ത്രീ പ്രകൃതിയുടെ പ്രതിരൂപമാണെന്നു പറയുന്നത്. ജോലിയുടേയും ഉത്തരവാദിത്തത്തിന്റേയും ഭാരമല്ല, അതില്‍ നിന്നുള്ള ആത്യന്തിക ഫലമാണു പരിഗണിക്കപ്പെടേണ്ടത്. അങ്ങനെ നോക്കിയാല്‍ സ്ത്രീ ഒരു പടിമുന്നിലാണെന്നു സമ്മതിക്കേണ്ടിവരും. അമ്മയും കുഞ്ഞും തമ്മില്‍ സംവദിക്കുന്ന ഒരു അജ്ഞാത ഭാഷയുണ്ട്. മറ്റാര്‍ക്കും അറിയാത്ത ഭാഷ. പരസ്പരം പ്രസരിക്കുന്നൊരു പ്രതിഭാസം. സംസാരശേഷി കൈവരാത്ത കൊച്ചു കുട്ടിയുടെ മനസ്സറിയാന്‍ അമ്മയ്ക്കു കഴിയുന്നത് അതിലൂടെയാണ്. അമ്മയുടെ മടിയില്‍ കുഞ്ഞിനു സുരക്ഷിതത്വം തോന്നുന്നതും അമ്മയില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാകുന്നതും ഇതുകൊെണ്ടാക്കെത്തന്നെയാണ്. അതാണു പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ ശക്തി. തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാണത്. ആ സിദ്ധി പുരുഷനു കിട്ടില്ല.
ക്ഷേത്ര ശ്രീകോവിലുകള്‍ക്കു വാതില്‍ ഒന്നേയുള്ളു. എന്താണ് അങ്ങനെയൊരു നിര്‍മാണമെന്ന് ഒരു പ്രമുഖ തന്ത്രിയോടു ചോദിച്ചു. തിരിച്ചും കിട്ടി ഒരു ചോദ്യം.
ഗര്ഭപാത്രത്തിന് എത്ര ദ്വാരമുണ്ട്?
മറുപടി പറഞ്ഞില്ല. പക്ഷേ, കാര്യം പിടികിട്ടി. സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ സങ്കല്പമാണു ശ്രീകോവിലിന്. തിരിച്ചു പറഞ്ഞാല്‍ ദേവീദേവന്മാര് കുടികൊള്ളുന്ന ശ്രീലകത്തിന്റെ പവിത്രതയുണ്ട് ഗര്ഭപാത്രത്തിന്. ശ്രീകോവിലിനു ഗര്‍ഭഗൃഹം എന്നും പേരുണ്ടല്ലോ. ജീവന് മുളപൊട്ടുന്നത് അവിടെയാണ്. അനാദികാലത്തു ജീവന്റെ ആദ്യ കണിക പൊട്ടിമുളച്ച പ്രപഞ്ചത്തിന്റെ കൊച്ചുപതിപ്പാണ് ഗര്‍ഭപാത്രം. അതുകൊണ്ടാണ് ഓരോ ഗര്‍ഭപാത്രവും അതുവഹിക്കുന്ന സ്ത്രീയും ആദരിക്കപ്പെടണമെന്നു ഹിന്ദു സംസ്കാരം നിഷ്കര്‍ഷിക്കുന്നത്. ആരു പറഞ്ഞു ഹിന്ദു സംസ്കാരം സ്ത്രീ വിരുദ്ധമാണെന്ന്?
സ്ത്രീമനസ്സിനെ അറിയാനും ഉള്‍ക്കൊള്ളാനും പുരുഷനു കഴിയുമ്പോള്‍ സ്ത്രീപുരുഷ ബന്ധവും കുടുംബജീവിതവും പൂര്‍ണതയിലെത്തുന്നു. പെണ്ണുങ്ങളില്ലാത്ത വീടു വീടല്ല എന്നു പറയാറുണ്ടല്ലോ. അത്തരം വീടു വെറും കെട്ടിടമേ ആകൂ. അമ്മ, വീട് എന്നിവയ്ക്കൊക്കെ വാക്യാര്‍ത്ഥത്തിനപ്പുറം ഒരു വൈകാരിക ഭാവമുണ്ട്. തങ്ങള്‍ക്കു മാത്രം കഴിയുന്ന തരത്തില്‍ അതു നല്‍കുന്നവളാണു സ്ത്രീ. അതാണു പ്രകൃതി അവളില്‍ നിന്നു പ്രതീക്ഷിക്കുന്നതും. പകരം, അവളുടെ സുരക്ഷയും താത്പര്യ സംരക്ഷണവുമാണു പ്രകൃതി പുരുഷനു നല്കിയ ഉത്തരവാദിത്തം. ചുമതലകള്‍ക്കു യോജിച്ച രീതിയിലാണ് സ്ത്രീയും പുരുഷനും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീയ്ക്കു പുരുഷന്റെ സംരക്ഷണത്തിന്റെ തണല്‍ വേണമെന്നു പറയുന്നത് അതുകൊണ്ടു തന്നെ. ഇപ്പറഞ്ഞതു പൊതു സ്വഭാവം മാത്രം. ഇതിനൊക്കെ അപവാദമുണ്ടാകാം. പുരുഷന്റെയത്ര കരുത്തുള്ള വനിതകള്‍ ചരിത്രത്തില്ത്തന്നെയുണ്ടല്ലോ. ഝാന്‍സി റാണിയും സംയുക്തയും ഉണ്ണിയാര്‍ച്ചയും ഇന്ദിരാ ഗാന്ധിയും ജയലളിതയും കിരണ്‍ ബേദിയും മറ്റുമില്ലേ?
സ്ത്രീപുരുഷന്മാരെ ശാരീരികമായും മാനസികമായും ബൗദ്ധികമായും പ്രകൃതി വേര്തിരിച്ചിട്ടുെണ്ടന്നു പറയുന്നതിനര്‍ഥം സ്ത്രീയ്ക്കു ബുദ്ധിയും മനശ്ശക്തിയും ഇല്ലെന്നല്ല. അവരുടെ ചിന്തകള്‍ക്കു വ്യത്യാസമുെണ്ടന്നു മാത്രം. പക്ഷേ, മുന്‍പറഞ്ഞതുപോലെ മനശ്ശക്തിയിലും ഇന്ദ്രിയ ശക്തിയിലും അവര്‍ അബലകളല്ല. ഇപ്പറഞ്ഞവയില്‍ ശാരീരികമായ വ്യത്യാസം സ്ത്രീകളടക്കമുള്ളവര്‍ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ വേഷവിധാനത്തിലടക്കമുള്ള വ്യത്യാസം നാം അംഗീകരിക്കുന്നത്. എങ്കില്‍പ്പിന്നെ മറ്റുകാര്യങ്ങളിലെന്തിനു തര്‍ക്കം?
രാമായണത്തിലേയ്ക്കു നോക്കിയാല്‍, രാമന്റെ യാത്രകള്‍ക്കൊപ്പം എന്നും സീതയുണ്ടായിരുന്നതായി കാണാം. ആ സാന്നിദ്ധ്യം രാമന് മനശ്ശക്തി പകര്ന്നിട്ടുണ്ടാവും. ഒപ്പം, രാമന്റെ തണലില്‍ കാനനത്തില്‍പ്പോലും സീതയ്ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുമുണ്ടാകും. ലക്ഷ്മണന്റെ കാര്യമോ? വനവാസകാലത്തു ലക്ഷ്മണന് കാട്ടില്‍ ഒറ്റയ്ക്കായിരുന്നില്ലേ? അല്ലെന്നു പറയേണ്ടിവരും. ഇവിടെയാണ്, സീതയുടെ നിഴലില്‍ മറഞ്ഞുപോയ ഒരു ശക്തയായ സ്ത്രീ കഥാപാത്രം തെളിഞ്ഞുവരുന്നത്. അകലെയിരുന്നു മനസ്സുകൊണ്ട് ലക്ഷ്മണനെ പിന്തുടര്‍ന്ന ഭാര്യ ഊര്‍മിള. ഓരോ ചുവടിലും ലക്ഷ്മണനൊപ്പം ഊര്‍മിള ഉണ്ടായിരുന്നു. രമായണത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം ഊര്‍മിളയല്ലേ എന്നു സംശയം തോന്നിപ്പോകും. സീതയ്ക്ക് കാട്ടിലും ഭര്‍ത്താവിന്റെ സാമീപ്യവും സംരക്ഷണവുമുണ്ടായിരുന്നു. അയോധ്യയില്‍ മാണ്ഡവിക്കും ശ്രുതകീര്‍ത്തിയ്ക്കും ഭര്ത്താക്കന്മാരായ ഭരതനും ശത്രുഘ്നനും തൊട്ടടുത്തുെണ്ടന്ന ആശ്വാസമുണ്ടായിരുന്നു. ഊര്‍മിളയുടെ കാര്യമോ? കൊട്ടാരത്തില്‍ ഒറ്റയ്ക്കായിരുന്നു. നിറഞ്ഞു തുളുമ്പുന്ന യൗവനം. ജ്വലിച്ചു നില്ക്കുന്ന സൗന്ദര്യം. എന്നിട്ടും മനസ്സു കടുകിട പതറിയില്ല. സുഖസൗകര്യങ്ങളും സമ്പല്‍സമൃദ്ധിയും മാറ്റിവച്ച് തപസ്സിനു തുല്യമായ ജീവിതം നയിച്ച ഊര്‍മിളയുടെ ശരീരം മാത്രമായിരുന്നു അന്തപ്പുരത്തിലും തേവാരപ്പുരയിലുംമറ്റും സഞ്ചരിച്ചത്. മനസ്സും ആത്മാവും ഓരോ നിമിഷവും കാട്ടില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. ആധുനിക ശാസ്ത്രം ടെലിപ്പതിയെന്നോ ബൈലൊക്കേഷന് എന്നോ ഒക്കെ വിശേഷിപ്പിക്കുന്ന പ്രതിഭാസം.
സ്ത്രീശക്തിയുടെ ഉദാഹരണങ്ങള്‍ ഇനിയും പലതുണ്ട് പുരാണങ്ങളില്‍. വനാന്തരത്തില്‍പ്പെട്ടുപോയ ദമയന്തിയുടെ ശാപാഗ്നിയില്‍ കാട്ടാളന് വെന്തു വെണ്ണീറായത് മുന്‍പറഞ്ഞ തപശ്ശക്തിയുടെ ഫലം തന്നെ. സൂര്യരശ്മി പോലും കടന്നു ചെല്ലാത്ത നിബിഡ വനത്തില്‍ ഒറ്റയ്ക്കായിരുന്നു ദമയന്തി. അതും ഓര്‍ക്കാപ്പുറത്തെ ഒറ്റപ്പെടല്‍. വന്യജീവികള്‍ വിഹരിക്കുന്ന വനം. എന്നിട്ടും ഒരു പോറല്‍ പോലുമേല്‍ക്കാതെ കൊട്ടാരത്തില്‍ തിരിച്ചെത്തി നളനെ തിരഞ്ഞു കെണ്ടത്തുന്ന ഭൈമിയുടെ നിശ്ചയദാര്‍ഢ്യവും സഹനശേഷിയും ഇച്ഛാശക്തിയും അധികമാരിലും കാണില്ല. തനിക്കേറ്റ അപമാനത്തിനു പകരംവീട്ടാന്‍ എടുത്ത പ്രതിജ്ഞയില്‍ നിന്നു നെല്ലിട വ്യതിചലിക്കാതെ ആ യാഥാര്‍ഥ്യത്തിലേയ്ക്കു ചെന്നെത്തുന്ന ദ്രൗപദിയുടെ നിശ്ചയദാര്‍ഢ്യം ഇതനൊപ്പം നില്ക്കും. അഗ്നി പ്രവേശം ചെയ്തിട്ടും സീതയെ തൊടാതെ അഗ്നി മാറി നിന്നില്ലേ? ലങ്ക കത്തിയെരിഞ്ഞപ്പോഴും അശോക വനികയിലിരുന്ന സീതയെ തൊടാന്‍ അഗ്നിക്കായില്ല.
അതൊക്കെ അവരവരുടെ സ്വയരക്ഷയ്ക്ക് ആയിരുന്നെങ്കില്‍ ഊര്‍മിള തന്റെ തപശ്ശക്തി ഉപയോഗിച്ചതു ഭര്‍ത്താവിന്റെ രക്ഷയ്ക്കായിരുന്നു. ജ്യേഷ്ഠന്റേയും ജ്യേഷ്ഠപത്നിയുടേയും സംരക്ഷണത്തിനായി 14 വര്‍ഷം രാപ്പകല്‍ കാവല്‍ നിന്നിട്ടും ലക്ഷ്മണന് ക്ഷീണമറിഞ്ഞില്ല. ഊര്‍മിളയുടെ തപഃശക്തി ലക്ഷ്മണനില്‍ ഊര്‍ജം നിറച്ചുകൊണ്ടിരുന്നു. ഇന്ദ്രജിത്തുമായുള്ള ജീവന്മരണ പോരാട്ടമാണ് ആ യാത്രയില്‍ ലക്ഷ്മണന് നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം. നൂല്പാലത്തിലൂടെയുള്ള യാത്രയായിരുന്നു അത്. ആ യുദ്ധത്തിലെ ലക്ഷ്മണന്റെ വിജയമാണ് സത്യത്തില്‍ രാവണന്റെ പതനത്തിനു തുടക്കമിട്ടത്. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പരാജയം യാഥാര്‍ഥ്യമാവുകയും അത് ഇന്ദ്രജിത്തിന്റെ ജീവനെടുക്കുകയും ചെയ്തപ്പോള്‍ രാവണന് മനസ്സുകൊണ്ടു തോറ്റു തുടങ്ങി. ആ പോരില്‍ ലക്ഷ്മണന് പടച്ചട്ടയേക്കാള്‍ ശക്തമായ സംരക്ഷണം നല്‍കിയത് ഊര്‍മിളയുടെ തപശ്ശക്തി നല്കിയ കവചമായിരിക്കണം.
‘നിഴല്‍ പോല മഹാഭാഗാ
സതി പിന്തുടരും സദാ’
എന്നാണ് വിവാഹസമയത്ത് സീതയുടെ അച്ഛന് മിഥിലാരാജാവ് ശ്രീരാമനോടു പറയുന്നത്. ഇതു തന്നെ ചൂണ്ടിക്കാണിച്ചാണു സീത വനവാസത്തില്‍ രാമനെ അനുഗമിക്കാന്‍ അനുവാദം വാങ്ങുന്നതും. വനവാസത്തിലെ കഷ്ടപ്പാടുകളേക്കുറിച്ചും അപകടങ്ങളേക്കുറിച്ചും രാമന് വിവരിച്ചു. സീതയേപ്പോലുള്ള ഒരു രാജകുമാരിക്കു പറ്റുന്നതല്ല അതെന്നു പറഞ്ഞു. അച്ഛന്റെ ആജ്ഞ തനിക്കുമാത്രമാണു ബാധകമെന്നും മറ്റാരും അത് പങ്കുവയ്ക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു നോക്കി. രാമന്റെ വാദങ്ങളെ സീത മറികടക്കുന്നതും സ്വന്തം നിലപാടു സ്ഥാപിക്കുന്നതും ഭര്‍ത്താവിനു വഴങ്ങി നിന്നുകൊണ്ടുതന്നെയാണ്. വിവാഹത്തോടെ ഒന്നായവരാണു നമ്മള്. ഒരു ആത്മാവും രണ്ടു ശരീരവും. ആത്മാവിനെ വിട്ടു ശരീരം എങ്ങനെ നിലനില്ക്കും? എന്റെ ഈ ശരീരം അങ്ങയുടെ നിഴല്‍മാത്രമാണ്. യഥാര്‍ഥ രൂപത്തെ വിട്ടു നിഴലിനു നിലനില്ക്കാനാവുമോ?
രാമന് അംഗീകരിക്കേണ്ടിവന്നു. സീതയുടെ വാക്കുകളില്‍ മറഞ്ഞിരിക്കുന്ന ഒരു ചോദ്യമുണ്ട്. കാനനവാസം അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതാണെങ്കില് ഞാന്‍ അങ്ങയോടൊപ്പമല്ലേ അവിടേയ്ക്കു പോരുന്നത്. എന്നെ സംരക്ഷിക്കേണ്ട ചുമതലയും കരുത്തും അങ്ങേയ്ക്കുണ്ടല്ലോ. അതില്‍ നിന്നു വിട്ടു നില്ക്കാന് കഴിയുമോ?
രാവണ നിഗ്രഹത്തിനു ശേഷം രാമന് കഠോരമായ വാക്കുകളിലൂടെ സീതയെ ശാസിക്കുന്നുണ്ട്. (അതു വെറും പരീക്ഷണം മാത്രമായിരുന്നു എന്നും സീതയുടെ പരിശുദ്ധി താന്‍ മാത്രമല്ല ലോകം മുഴുവന്‍ അറിയാന്‍ വേണ്ടിയാണു താനതു ചെയ്തതെന്നും രാമന് പിന്നീടു പറയുന്നുമുണ്ട്). ഇത്രയും കാലം രാവണന്റെ രാജധാനിയില്‍ കഴിഞ്ഞ നീ പരിശുദ്ധയാണെന്നു വിശ്വസിക്കാന്‍ താന്‍ മൂഢനല്ലെന്നും ഇനി തന്നോടൊപ്പം കഴിയാമെന്നു മോഹിക്കേെണ്ടന്നും ഈ യുദ്ധം നിന്നെ വീെണ്ടടുക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും തന്റെ പൗരുഷം തെളിയിക്കാന്‍ മാത്രമായിരുന്നു എന്നും രാമന് പറയുന്നു. എത്ര പറഞ്ഞിട്ടും തന്റെ നിരപരാധിത്വവും പരിശുദ്ധിയും രാമന് അംഗീകരിക്കാതെ വരുമ്പോള്‍ സീത പറയുന്നത് ഇങ്ങനെയാണ്: രാവണന് എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് ശരിയാണ്. രാവണനേപ്പോലെ കരുത്തനായ ഒരാളോട് പൊരുതി നില്‍ക്കാനുള്ള ശക്തി എനിക്കില്ല. ഞാന്‍ അബലയല്ലേ? എനിക്ക് സംരക്ഷിക്കാവുന്നത് എന്റെ മനസ്സാണ്. അവിടെ ഇന്നും അങ്ങു മാത്രമേയുള്ളു. രാവണന് അവിടെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. വിവാഹത്തോടെ എന്റെ ആത്മാവ് അങ്ങില്‍ ലയിച്ചു കഴിഞ്ഞതാണ്. പിന്നെ ശേഷിക്കുന്നത് ശരീരം മാത്രം. അത് എനിക്ക് അങ്ങയെ ശുശ്രൂഷിക്കാന്‍ മാത്രമായിരുന്നു. അങ്ങേയ്ക്കു വേെണ്ടങ്കില് ഇത് എനിക്കും ആവശ്യമില്ല.
ഇതു പറഞ്ഞുകൊണ്ടാണു സീത അഗ്നി പ്രവേശനത്തിനൊരുങ്ങുന്നത്. ഇവിടെയും, ഒളിഞ്ഞിരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അബലയായ എന്നെ രാവണന് പിടികൂടി കൊണ്ടുപോയെങ്കില്‍ ആരാണു കുറ്റക്കാരന്‍? എന്റെ സംരക്ഷണം, ഭര്‍ത്താവായ അങ്ങയുടെ ചുമതലയായിരുന്നില്ലേ? ചുമതല നിറവേറ്റാന്‍ കഴിയാത്ത അങ്ങ് അതിന്റെ പേരില്‍ ആരേയാണു കുറ്റപ്പെടുത്തുന്നത്?
സീത അങ്ങനെ ചോദിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടയില്‍ നമുക്ക് അത് വായിക്കാം. ആ ചോദ്യം രാമനോടല്ല, ലോകത്തെ പുരുഷ സമൂഹത്തോടാണ്. അതിനുള്ള ഉത്തരമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം.
ഓര്‍ത്തു നോക്കൂ. സീത നിഴല്‍ പോലെ രാമനെ പിന്തുടര്ന്നു. ഊര്‍മിള മനസ്സുകൊണ്ട് അതു ചെയ്തു. അങ്ങനെ രാമന്റേയും ലക്ഷ്മണന്റേയും വിജയങ്ങള്‍ സീതയുടേയും ഊര്‍മിളയുടേയും വിജയം കൂടിയായി. അര്‍ധനാരീശ്വര സങ്കല്പം എത്ര അര്‍ഥപൂര്‍ണം! എത്ര മഹത്തരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: