കൊല്ലങ്കോട്: നാരായണീയത്തിലെ അമൂല്യദര്‍ശനങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുകയെന്ന കടമയാണ് ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ളതെന്ന് നാരായണീയ ഗുരുവായൂരപ്പാശ്രമം അധിപതി പെരിങ്ങര കേശവന്‍ നമ്പൂതിരി. ഗായത്രി കല്യാണമണ്ഡപത്തില്‍ അഖിലഭാരത നാരായണീയ മഹോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നാരായണീയത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കര്‍ത്തവ്യബോധം ഉറപ്പിക്കാന്‍ നാരായണീയത്തോടൊപ്പം ഭഗവദ്ഗീതയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. സനാതനധര്‍മം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ നാമജപത്തിലൂടെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ധര്‍മത്തിന്റെ യഥാര്‍ഥസാരഥികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
രാവിലെ പി.വി. ശ്രീനിവാസ ഭട്ടാചാര്യരുടെ മഹാമൃത്യുഞ്ജയഹോമം കൊല്ലങ്കോട്, നെന്മാറ, തത്തമംഗലം സമിതികളുടെ നാരായണീയ പാരായണം ഉണ്ടായിരുന്നു. സക്ഷമയും അഹല്യ ആശുപത്രിയും സംയുക്തമായി നേത്രരോഗ ചികിത്സ നിര്‍ണയക്യാമ്പും നടത്തി. നയനം നാരായണീയം എന്ന വിഷയത്തില്‍ സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. ലക്ഷ്മിശ്രീ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ജോ. സെക്രട്ടറിമാരായ സതീഷ്, ഗിരീഷ് മാങ്കാവ്, വൈ. പ്രസിഡന്റ് സി.എസ്. മൂര്‍ത്തി, സംസ്ഥാന സമിതിയംഗം ആര്‍. ശശികുമാര്‍ ശ്രീഹരി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എം. ഷണ്‍മുഖസുന്ദരന്‍ സംസാരിച്ചു. ഡോ. ഹസ്സന്‍രാജ് ക്യാമ്പിന് നേതൃത്വം നല്‍കി. ഭിന്നശേഷി മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തികളെ ആദരിച്ചു. മായാത്ത മാരിവില്ല് എന്ന ലഘുചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.
ചലച്ചിത്രതാരം രമാദേവി ‘തുളസീമാഹാത്മ്യം’ എന്ന വിഷയത്തില്‍ സംസാരിച്ചു. പറളി മുദ്ര നൃത്തകലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും ഉണ്ടായിരുന്നു. ഇന്ന് പുരുഷസൂക്തഹോമം, ഉച്ചയ്‌ക്ക് 12ന് ആചാര്യസഭ, കലാപരിപാടികള്‍, വാമനാവതാരം പ്രഭാഷണം, സംഗീതോത്സവം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക