കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയുമായി ഏറ്റുമുട്ടും. നാളെ മലപ്പുറം എഫ്സി-കണ്ണൂര്‍ വാരിയേഴ്സിനെയും 27ന് ഫോഴ്സ കൊച്ചി-തിരുവനന്തപുരം കൊമ്പന്‍സിനെയും നേരിടും.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ്, കണ്ണൂര്‍ വരിയേഴ്സ് ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. മികച്ച ഗോള്‍ ശരാശരിയില്‍ കാലിക്കറ്റ് എഫ്സിയാണ് ഒന്നാമത്. തിരുവനന്തപുരം കൊമ്പന്‍സ് രണ്ടാമതും കണ്ണൂര്‍ വാരിയേഴ്സ് മൂന്നാമതുമാണ്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂര്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയന്റ് നില.
സ്വന്തം തട്ടകത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ടാണ് കാലിക്കറ്റ് എഫ്സി ഇന്ന് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.
നേരത്തെ സ്വന്തം മൈതാനത്ത് കാലിക്കറ്റ് എഫ്സി കളിച്ച രണ്ട് കളികളും സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് സ്വന്തം തട്ടകത്തില്‍ വിജയിച്ച് മൂന്ന് പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലകന് ഇയാന്‍ ആന്‍ഡ്രൂ ഗിലന്‍ ടീമിനെ ഇറക്കുക. നിലവില്‍ മൂന്ന് ഗോളുകളുമായി ടോപ് സ്കോററായി നില്ക്കുന്ന ഗനി നിഗത്തിന്റെ കാലുകളിലാണ് ഇന്നും കാലിക്കറ്റ് എഫ്സിയുടെ പ്രതീക്ഷ. നായകന് ജിജോ ജോസഫ്, ഹെയ്ത്തിക്കാരന്‍ വിംഗര്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവരുടെ ഫോമും ആതിഥേയ ടീമിന് പ്രതീക്ഷയേകുന്നു.
മറുവശത്ത് ആദ്യ വിജയം ലക്ഷ്യമിട്ടാണ് തൃശൂര്‍ മാജിക് എഫ്സി ഇന്ന് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളും തോറ്റ അവര്‍ അവസാന മത്സരത്തില്‍ മലപ്പുറത്തെ സമനിലയില്‍ തളയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ്. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവമാണ് തൃശൂരിനെ കുഴപ്പത്തിലാക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്.
നായകന് സി.കെ. വിനീതിനൊപ്പം മാര്‍സലോ, അഭിജിത്ത് അവസരത്തിനൊത്തുയര്‍ന്നാല്‍ അവരുടെ കന്നി വിജയം എന്ന സ്വപ്നം പൂവണിയും. കൂടാതെ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന പരിശീലകന് ജിയോവാനി സാനൂ ഇന്ന് തൃശൂര്‍ ടീമിന്റെ ഡഗ്ഔട്ടില്‍ ഉണ്ടാവും എന്നതും അവര്‍ക്ക് ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: