കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച എറണാകുളം ടൗൺഹാളിൽ നാടകീയ രംഗങ്ങൾ. മൃതദേഹത്തിനരികിൽ നിന്നും മകൾ ആശാ ലോറൻസിനെയും മകനെയും സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്താക്കി. തുടർന്ന് മൃതദേഹം കോടതി നിർദേശത്തെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടു പോയി.
മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ ആശയ്ക്ക് ചുറ്റും സിപി എമ്മിന്റെ വനിതാ പ്രവർത്തകരുൾപ്പടെ നിന്നും മുദ്രാവാക്യം മുഴക്കി. ഇതിനിടെ വനിതാ പ്രവർത്തകരും മകളും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടയി. ആശയുടെ മകനെതിരെ വോളൻ്റിയർമാർ തിരിയുകയും തള്ളി പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ‘അലവലാതി സഖാക്കൾ അമ്മയെ തള്ളിയിട്ടെ’ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ് സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അന്തിമ തീരുമാനം വരുന്നതുവരെ മൃതദേഹം പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. അതുവരെ മൃതദേഹം മോർച്ചയിൽ സൂക്ഷിക്കും.
അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽകോളേജിന് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജിന് വിട്ട് നൽകുമെന്ന് മറ്റ് മക്കൾ അറിയിച്ചു. അപ്പൻ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: