നിലമ്പൂര്‍: വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി.അന്‍വര്‍ എംഎല്‍എ. വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം.
വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും എംഎല്‍എ പറഞ്ഞു. വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻഅപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി.വി.അൻവർ പറഞ്ഞു.
ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. മനുഷ്യർക്കും ഇവിടെ ജീവിക്കണം. ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്ക്കരിച്ചു. ഓസ്ട്രേലിയയിൽ കങ്കാരുക്കളെ കൊല്ലാൻ തോക്ക് നൽകിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അവര്‍ കോടികൾ മുടക്കി പല ഭാഗത്തും കെട്ടിടങ്ങൾ ഉണ്ടാക്കുകയാണ്. തന്റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കിൽ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്തേനെ.
സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല. കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഒന്നും ശരിയായില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭ പ്രസംഗത്തില്‍ പറയാന്‍ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: