Kerala

ഇനി ജനങ്ങൾക്കൊപ്പം; മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്സ് ബുക്ക് കവർ ചിത്രം മാറ്റി പി.വി അൻവർ എംഎൽഎ, പിന്തുണയുമായി നിരവധി പേർ

Published by

മലപ്പുറം: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന് പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ ഫെയ്സ് ബുക്കിലെ കവർ ചിത്രം മാറ്റി നിലമ്പൂർ എംഎൽഎ പി.വി. അൻവർ. നേരത്തെ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിലേക്ക് കയറുന്ന ചിത്രമായിരുന്നു കവറായി ഇട്ടിരുന്നത്. അത് മാറ്റി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്.

നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്‍റുമായി എത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കുന്നവര്‍ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ പി.ശശിയെ പിന്തുണച്ചും അൻവറിനെ തള്ളിയും മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. അൻവറിന്റെ പശ്ചാത്തലം കോൺഗ്രസ് പശ്ചാത്തലമാണെന്നും അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോഷ സൂചനയും മുഖ്യമന്ത്രി നൽകിയിരുന്നു. പിന്നാലെ സിപിഎം സെക്രട്ടേറിയേറ്റ് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അൻവർ കവർ ചിത്രം മാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by