വാഷിങ്ടണ്‍: അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കും. അമേരിക്കയിലെ വില്‍മിങ്ടണിലെ ഡെലവെയറില്‍ ചേര്‍ന്ന ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ ഭാരതത്തില്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകം സംഘര്‍ഷങ്ങളാലും പിരിമുറക്കങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമം, പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും ഉള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആതിഥേയത്വം വഹിച്ച ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന് പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവരും പങ്കെടുത്തു. 2025ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.
ക്വാഡ് കാര്യപരിപാടി മുന്നോട്ടു കൊണ്ടുപോകാനുള്ള വില്‍മിങ്ടണ്‍ പ്രഖ്യാപനം നേതാക്കള്‍ അംഗീകരിച്ചു. പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ആഗോള, പ്രാദേശിക പങ്കാളികള്‍ക്കൊപ്പം സമാധാനത്തിനും സമൃദ്ധിക്കും സുസ്ഥിര വികസനത്തിനും അടിവരയിടുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നത് തുടരുമെന്നും ഐക്യരാഷ്ട്ര സഭയെ പിന്തുണയ്ക്കുമെന്നും യോഗം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും അസന്നിഗ്ധമായി അപലപിക്കുന്നതായും ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ഉച്ചകോടിക്കിടെ ജോ ബൈഡന്, ഫ്യുമിയോ കിഷിദ, ആന്റണി അല്‍ബനീസ് എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ചകള്‍ നടത്തി. പിന്നീട് ഭാരതസമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: