കോട്ടയം: ക്ഷേത്രാരാധനാനുഷ്ഠാനങ്ങളില് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തന്ത്രിമാര്‍ക്കാണെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്. തന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു മാത്രമേ ക്ഷേത്രാചാരങ്ങളില്‍ മുന്നോട്ട് പോകാവൂ എന്നതാണ് സര്‍ക്കാര്‍ നയം എന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം കുമാരനെല്ലൂരില്‍ അഖില കേരള തന്ത്രി സമാജം ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതതു കാലത്തെ പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാവുന്നതല്ല തന്ത്രിയുടെ അധികാരങ്ങള്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അടുത്തിടെ പുറത്തിറക്കിയ ഓര്‍ഡറില്‍ ഇതിന് വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ കടന്നു കൂടിയത് ഗൗരവപൂര്‍വമാണ് ദേവസ്വം വകുപ്പ് കാണുന്നത് എന്നും മന്ത്രി പറഞ്ഞു.
ദക്ഷിണ മേഖലാ പ്രസിഡന്റ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി അധ്യക്ഷനായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. അജി കുമാര്‍ മുഖ്യപ്രഭാഷണവും സമാജം ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് ആമുഖ പ്രഭാഷണവും നടത്തി. കുമാരനല്ലൂര്‍ ദേവസ്വം മാനേജര്‍ മുരളി കാഞ്ഞിരക്കാട്ട്, സമാജം മധ്യമേഖലാ പ്രസിഡന്റ് സി.പി. നാരായണന് നമ്പൂതിരിപ്പാട്, കേന്ദ്ര വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട് മേഖലാ സെക്രട്ടറി കോക്കുളത്ത് ശംഭുപോറ്റി, കടിയക്കോല്‍ ഡോ. ശ്രീകാന്ത് നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: