തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രം.
അഞ്ചു ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. ഈ കണക്ക് നോക്കിയാല്‍ നാല് ദിവസത്തെ ശമ്പളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ല. അതായത് ഇനി ലീവ് സറണ്ടര്‍, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളംമാത്രമാണ് ഫലത്തില്‍ ഇനി നേരിട്ട് കിട്ടാനുള്ളത്. ഇങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല.
വയനാട് പുനരധിവാസത്തിനായി അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്യേണ്ടത്. സപ്തംബറില്‍ നല്‍കുന്ന ആഗസ്തിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളംവീതം പരമാവധി മൂന്നു ഗഡുക്കളായി പണം നല്‍കാമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ജീവനക്കാര്‍ ഇത്തവണ തീര്‍ത്തും മുഖംതിരിച്ചു. ഇതോടെ 500 കോടി രൂപ സ്വരൂപിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റി.
സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആര്‍എഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോട രൂപമാത്രമാണ്. ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ചിന് ഇളവ് നല്‍കിയിരുന്നു. അതേസമയം അഞ്ച് ദിവസത്തെ ശമ്പളത്തില്‍ കുറഞ്ഞ തുക സ്വീകരിക്കില്ലെന്ന നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും 50 ശതമാനം ജീവനക്കാര്‍ വിട്ടുനിന്നത് ഇടതുസര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ ജീവനക്കാരുടെ സംഘടന നേരത്തെ വിശദീകരിച്ചിരുന്നു.
സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഇതോടെ സാലറി ചലഞ്ചിന്റെ നിര്‍ബന്ധ സ്വഭാവം നഷ്ടമായി. പിഎഫ് വായ്പയ്‌ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എല്ലാ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: