കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യണമെന്ന് പിതാവ് പറഞ്ഞിട്ടില്ലെന്ന് ആശാ ലോറന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലോകജനത അറിയുക, കമ്മ്യൂണിസ്റ്റ് ചതി! പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത എന്ന അടിക്കുറിപ്പോടെയാണ് ആശ പോസ്റ്റ് പങ്കിട്ടത്. പാര്‍ട്ടി അടിമയായതിനാലാണ് പിതാവിനോടുള്ള കമ്മ്യൂണിസ്റ്റ് ചതിക്ക് മൂത്ത മകന് കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. ലോറന്‍സിനെക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാല്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ മതപരമായ ചടങ്ങുകളോടെയായിരുന്നുവെന്നും ആശാ ലോറന്‍സ് വ്യക്തമാക്കി. നാല് മക്കളുടെ വിവാഹം നടന്നത് പള്ളിയില്‍ വച്ചാണ്. അതിനെല്ലാം ലോറന്‍സ് പങ്കെടുത്തിട്ടുണ്ട്. പേരക്കുട്ടികളുടെ മാമോദീസയ്ക്കും തന്റെ പിതാവ് പങ്കെടുത്തിട്ടുണ്ടെന്നും അമ്മയെ യാത്രയാക്കിയതും പള്ളിയില്‍ തന്നെയായിരുന്നുവെന്നും ആശ പറഞ്ഞു. ആരെയോ ബോധിപ്പിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ ആശുപത്രിയിലായിരുന്നു എം.എം. ലോറന്‍സിന്റെ അന്ത്യം. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുമെന്നായിരുന്നു സിപിഎം വാദം. ഇന്ന് രാവിലെ 8 മുതല്‍ 8.30 വരെ ഗാന്ധിനഗറിലെ സ്വവസതിയിലും 8.30 മുതല്‍ 9 വരെ ലെനിന് സെന്ററിലും വൈകിട്ട 4 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം. ഇതിന് ശേഷമാകും മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: