തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനോടകം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും മരിച്ച 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതവും നല്കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്കി. ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ എട്ട് പേര്‍ക്കായി 4,43,200 രൂപ ചെലവഴിച്ചു. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്കി. ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. കിടപ്പ് രോഗികളായ 33 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ വീതം നല്കി വരുന്നു. 649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്കി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: